നെതര്‍ലാണ്ട്സിനെ വീഴ്ത്തി നമീബിയയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം, ഡേവിഡ് വീസ് കളിയിലെ താരം

Namibia

ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയില്‍ തകര്‍പ്പന്‍ ജയം നേടി നമീബിയ. നെതര്‍ലാണ്ട്സിനെതിരെയാണ് നമീബിയയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 164/4 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം 6 പന്ത് അവശേഷിക്കെയാണ് നമീബിയ മറികടന്നത്.

ഡേവിഡ് വീസ് 40 പന്തിൽ 66 റൺസും ഗെര്‍ഹാര്‍ഡ് എറാസ്മസ് 32 റൺസും നേടിയാണ് നമീബിയയുടെ 6 വിക്കറ്റ് വിജയം സാധ്യമാക്കിയത്. ജെജെ സ്മിട്ട് 14 റൺസും സ്റ്റെഫാന്‍ ബാര്‍ഡ് 19 റൺസും നേടി. 9 ഓവര്‍ പിന്നിടുമ്പോള്‍ 51/3 എന്ന നിലയിലായിരുന്ന നമീബിയയുടെ തിരിച്ചുവരവാണ് പിന്നീട് കണ്ടത്.

ഡേവിഡ് വീസ് തന്റെ ടി20 പരിചയം മുന്നിൽ നിര്‍ത്തി നെതര്‍ലാണ്ട്സ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ 19ാം ഓവറിൽ ടീം തങ്ങളുടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം നേടി. 2019ൽ മാത്രം ഏകദിന പദവി ലഭിച്ച ടീമിന് ഇത് വലിയ നേട്ടം തന്നെയാണ്.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിന് വേണ്ടി 56 പന്തിൽ 70 റൺസ് നേടിയ മാക്സ് ഒദൗദും 32 റൺസ് നേടിയ കോളിന്‍ അക്കര്‍മാനുമാണ് തിളങ്ങിയത്. സ്കോട്ട് എഡ്വാര്‍ഡ്സ് 11 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.

Previous articleരോഹിതിന് അർധ സെഞ്ച്വറി, സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ എളുപ്പത്തിൽ മറികടന്ന് ഇന്ത്യ
Next articleശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്