ന്യൂസിലാണ്ടിനെ എറിഞ്ഞൊതുക്കി ഹാരിസ് റൗഫ്

Harisraufpakistan

പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ വീണ്ടും തീതുപ്പും സ്പെല്ലുമായി രംഗത്തെത്തിയപ്പോള്‍ 134 റൺസിലൊതുങ്ങി ന്യൂസിലാണ്ട്. ഹാരിസ് റൗഫ് നാല് വിക്കറ്റുമായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മറ്റു ബൗളര്‍മാരും ശക്തമായ പിന്തുണ താരത്തിന് നല്‍കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയ ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍ ഡെവൺ കോൺവേയും ഡാരിൽ മിച്ചലുമാണ്. ഇരുവരും 27 റൺസ് ആണ് നേടിയത്.

36 റൺസാണ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും ഡാരിൽ മിച്ചലും ചേര്‍ന്ന് നേടിയത്. ഹാരിസ് റൗഫ് ഗപ്ടിലിന്റെ(17) കഥ കഴിച്ചപ്പോള്‍ ഡാരിൽ മിച്ചലിനെ(27) ഇമാദ് വസീം പുറത്താക്കി. പിഞ്ച് ഹിറ്ററായി പരീക്ഷിച്ച ജെയിംസ് നീഷത്തെ ഹഫീസ് പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 56/3 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് കെയിന്‍ വില്യംസണും ഡെവൺ കോൺവേയും ന്യൂസിലാണ്ടിന്റെ തിരിച്ചുവരവ് സാധ്യമാക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും 25 റൺസ് നേടിയ വില്യംസൺ റണ്ണൗട്ടാകുകയായിരുന്നു. നാലാം വിക്കറ്റിൽ 34 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഡെവൺ കോൺവേയെയും(27) ഗ്ലെന്‍ ഫിലിപ്പ്സിനെയും(13) ഹാരിസ് റൗഫ് വീഴ്ത്തിയതോടെ ന്യൂസിലാണ്ടിന്റെ കാര്യം പരുങ്ങലിലായി. റൗഫ് തന്റെ നാലോവറിൽ വെറും 22 റൺസ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റ് നേടിയപ്പോള്‍ ഇമാദ് വസീം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹഫീസ് എന്നിവരും ഓരോ വിക്കറ്റ് നേടി.

Previous articleലീഗ് കപ്പിൽ ഇനിയുള്ള മത്സരങ്ങളിൽ 5 പകരക്കാരെ അനുവദിക്കും
Next articleവെറാട്ടി പരിക്ക് കാരണം ഒരു മാസത്തേക്ക് പുറത്ത്