തിളങ്ങിയത് നിസ്സങ്ക മാത്രം, സെമി ഫൈനൽ സ്ഥാനത്തിനായി ഇംഗ്ലണ്ട് നേടേണ്ടത് 142 റൺസ്

പതും നിസ്സങ്ക നേടിയ 67 റൺസിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ 141 റൺസ്  നേടി ശ്രീലങ്ക. ഇംഗ്ലണ്ടിന് ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരത്തിലെ വിജയം. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ശ്രീലങ്കയ്ക്ക് നിസ്സങ്കയും കുശൽ മെന്‍ഡിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നൽകിയത്.

39 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ നേടിയ ശേഷം കുശൽ മെന്‍ഡിസ് പുറത്തായപ്പോള്‍ പിന്നീട് നിസ്സങ്കയുടെ മികവ് ആണ് സിഡ്നിയിൽ കണ്ടത്. 33 റൺസ് രണ്ടാം വിക്കറ്റിൽ നിസ്സങ്കയും ധനന്‍ജയയും നേടിയപ്പോള്‍ അതിൽ 9 റൺസ് മാത്രമായിരുന്നു ധനന്‍ജയ ഡി സിൽവയുടെ സംഭാവന.

ചരിത് അസലങ്കയും(8) വേഗത്തിൽ പുറത്തായെങ്കിലും പതും നിസ്സങ്ക ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. 45 പന്തിൽ 67 റൺസ് നേടിയ നിസ്സങ്ക പുറത്താകുമ്പോള്‍ ശ്രീലങ്ക 118/4 എന്ന നിലയിലായിരുന്നു. 22 റൺസ് നേടിയ ഭാനുക രാജപക്സയും ടീമിനായി സംഭാവന നൽകി.