ചാമ്പ്യന്മാര്‍ക്ക് തുടക്കം പാളി, ഇംഗ്ലണ്ടിനെതിരെ 55 റൺസിന് ഓള്‍ഔട്ട് ആയി വെസ്റ്റിന്‍ഡീസ്

ടി20 ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് 14.2 ഓവറിൽ 55 റൺസ് മാത്രമാണ് നേടാനായത്. തന്റെ 2.2 ഓവറിൽ വെറും 2 റൺസ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റ് നേടിയ ആദിൽ റഷീദ് ആണ് വിന്‍ഡീസിന്റെ പതനം പൂര്‍ത്തിയാക്കിയത്.

രണ്ടാം ഓവറിൽ എവിന്‍ ലൂയിസിനെ നഷ്ടമായി തുടങ്ങിയ വിന്‍ഡീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. മോയിന്‍ അലിയും തൈമൽ മിൽസും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അവസാന നാല് വിക്കറ്റും ആദിൽ റഷീദാണ് നേടിയത്. 13 റൺസ് നേടിയ ക്രിസ് ഗെയില്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.