കോളിന്‍ അക്കര്‍മാന്റെ അര്‍ദ്ധ ശതകം വിഫലം, നെതര്‍ലാണ്ട്സിനെതിരെ 9 റൺസ് ജയവുമായി ബംഗ്ലാദേശ്

Bangladesh

നെതര്‍ലാണ്ട്സിനെതിരെ സൂപ്പര്‍ 12ൽ വിജയം നേടി ബംഗ്ലാദേശ്. കോളിന്‍ അക്കര്‍മാനും അവസാന ഓവറുകളിൽ പോള്‍ വാന്‍ മീക്കീരനും പൊരുതി നോക്കിയെങ്കിലും നെതര്‍ലാണ്ട്സ് 135 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 9 റൺസ് വിജയം ബംഗ്ലാദേശ് സ്വന്തമാക്കി.

ബംഗ്ലാദേശിനെ 144/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സിന് സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ടാസ്കിന്‍ അഹമ്മദ് ആണ് രണ്ട് വിക്കറ്റുകളും നേടിയത്.

15/4 എന്ന നിലയിലേക്ക് വീണ നെതര്‍ലാണ്ട്സിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത് കോളിന്‍ അക്കര്‍മാനിന്റെ അര്‍ദ്ധ ശതകം ആണ്. എന്നാൽ മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ താരത്തിന് ലഭിച്ചില്ല.

48 പന്തിൽ 62 റൺസാണ് കോളിന്‍ നേടിയത്. 14 പന്തിൽ 24 റൺസ് നേടിയ പോള്‍ ആണ് ബംഗ്ലാദേശിന്റെ വിജയ മാര്‍ജിന്‍ 9 റൺസായി കുറച്ചത്. ബംഗ്ലാദേശിനായി ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റും ഹസന്‍ മഹമ്മുദ് 2 വിക്കറ്റും നേടി.