റിസര്‍വ് ദിവസം പ്രായോഗികം അല്ല

ലോകകപ്പ് പോലൊരു ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ദിവസം വയ്ക്കുന്നത് പ്രായോഗികം അല്ലെന്ന് അറിയിച്ച് ഐസിസി. ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. പല ഘടകങ്ങളെ പരിഗണിച്ചാണ് ഐസിസി മത്സരക്രമം തയ്യാറാക്കുന്നത്. അതിനാല്‍ തന്നെയാണ് റിസര്‍വ് ദിവസം പ്രഖ്യാപിക്കാതിരുന്നതും.

ഓരോ മത്സരത്തിനും റിസര്‍വ് ദിവസം വെച്ചാല്‍ ടൂര്‍ണ്ണമെന്റ് വളരെ ദൈര്‍ഘ്യമേറിയതാകുമെന്നും അത് നടപ്പിലാക്കുവാനും ശ്രമകരമായി മാറുമെന്ന് ഡേവ് പറഞ്ഞു. അത് ടീമിന്റെ മത്സരത്തിനു ശേഷമുള്ള ഇടവേളയും യാത്ര ദിവസങ്ങളെയും പിച്ച് തയ്യാറാക്കലിനെയും താമസത്തിനെയും സ്റ്റാഫിംഗ് വോളണ്ടിയറിംഗ് എന്ന് വേണ്ട പല ഘടകങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണ്.

അത് കൂടാതെ മണിക്കൂറുകള്‍ യാത്ര ചെയ്ത് എത്തുന്ന കാണികള്‍ക്ക് റിസര്‍വ് ദിവസത്തിലും കളി നടക്കുമെന്ന ഉറപ്പ് നല്‍കാനാകില്ല. 1200ലധികം ആളകളാണ് ഓരോ മത്സരത്തിന്റെ നടത്തിപ്പിനായി പല ഘട്ടങ്ങളിലായി പങ്കാളികളാവുന്നുണ്ട്, ഇവരില്‍ ബ്രോഡ്കാസ്റ്റിംഗ് സംഘം ടൂര്‍ണ്ണമെന്റിന്റെ ഇടയ്ക്ക് രാജ്യത്തുടനീളം യാത്രയാകുന്നുണ്ട്. അതിനാല്‍ റിസര്‍വ് ദിവസം ഇവരുടെ കാര്യങ്ങളെയും അവതാളത്തിലാക്കുമെന്നും ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

ഈ ലോകകപ്പില്‍ മാത്രം ഇതുവരെ മൂന്ന് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിക്കപ്പെട്ടത്. വരും ദിവസങ്ങളിലെ മത്സരങ്ങള്‍ക്കും മഴ ഭീഷണി സജീവമായി നില്‍ക്കുന്നു എന്നതിനാല്‍ ഈ വര്‍ഷത്തെ ലോകകപ്പിന്റെ ആവേശത്തെ മഴ തണുപ്പിച്ചു കളഞ്ഞു എന്നതാമ് സത്യം.