മൂന്ന് മത്സരങ്ങളിലും ലഭിച്ച തുടക്കം കൈവിട്ട് രാഹുല്‍, നിരാശയുണ്ടെന്ന് താരം

- Advertisement -

ശിഖര്‍ ധവാന്‍ പരിക്കേറ്റ ശേഷം ഓപ്പണറായി എത്തി മൂന്ന് മത്സരങ്ങളിലും തനിക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെയാണ് ലോകേഷ് രാഹുല്‍ മടങ്ങുന്നത്. തനിക്ക് അതിനു സാധിക്കാത്തതിലുള്ള നിരാശ താരം മറച്ച് വയ്ക്കുന്നുമില്ല. സ്കോറുകള്‍ നോക്കിയാല്‍ 57, 30, 48 എന്നീ സ്കോറുകള്‍ അത്ര മോശം സ്കോറുകളൊന്നുമല്ല. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ടീമുകളെല്ലാം ന്യൂ ബോളിനെ ആക്രമിക്കാതെ വിക്കറ്റുകള്‍ കാത്ത് സൂക്ഷിക്കുവാനാണ് ശ്രമിക്കുന്നത് എന്ന് പരിഗണിക്കുമ്പോള്‍ രാഹുലിനെ ഏല്പിച്ച ആദ്യ ദൗത്യം താരം പാലിച്ചിട്ടുണ്ടെന്നത് സത്യാണ്. ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോറര്‍ ഡേവിഡ് വാര്‍ണറിനു പോലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനായിട്ടില്ല.

എന്നാല്‍ ഇന്ത്യയുടെ ശക്തി എന്നത് അവരുടെ ടോപ് ഓര്‍ഡറിന്റെ കരുത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് പരാജയപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാനാകാതെ രാഹുല്‍ മടങ്ങുന്നതിന്റെ പ്രാധാന്യം ഏറുന്നത്. താന്‍ നിരാശാവാനാണെന്നാണ് രാഹുല്‍ പറഞ്ഞത്. 10-15 ഓവറുകള്‍ കടന്ന് കിട്ടിയ ശേഷം പിന്നീട് ഔട്ട് ആകുന്നത് തീര്‍ത്തും നിരാശാജനകമായ കാര്യമാണെന്ന് രാഹുല്‍ പറഞ്ഞു.

ഒരു ഓപ്പണര്‍ക്ക് അദ്ദേഹത്തിന്റെ ആദ്യ 25-30 റണ്‍സ് നേടുകയാണ് ഏറ്റവും പ്രയാസകരമായ കാര്യം. അത് കടന്ന് കിട്ടി പിന്നീട് വേണ്ട സമയത്ത് വേഗത കൂട്ടുകയെന്നതാണ് ടീമിന്റെ ഗെയിം പ്ലാന്‍, തനിക്ക് അതില്‍ ആദ്യ ഘട്ടം പലപ്പോഴും കടക്കാനായെങ്കിലും രണ്ടാം ഘട്ടത്തില്‍ താന്‍ പരാജിതനാകുകയായിരുന്നുവെന്ന് രാഹുല്‍ സമ്മതിച്ചു. 35-40 ഓവര്‍ വരെ ബാറ്റ് ചെയ്ത് എത്തിച്ചാല്‍ ധോണി, ഹാര്‍ദ്ദിക് പോലുള്ള താരങ്ങള്‍ക്ക് വന്ന് എതിരാളികളെ തകര്‍ത്തെറിയുവാനുള്ള അവസരമാണ് കൈവരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാണെങ്കിലും താന്‍ തെറ്റായ സമയങ്ങളിലാണ് പലപ്പോഴും ഔട്ട് ആവുന്നതെന്ന് രാഹുല്‍ പറഞ്ഞു.

ഈ പദ്ധതി പ്രകാരം ബാറ്റ് വീശുക എന്നതാണ് ടോപ് 3, 4 താരങ്ങളുടെ ദൗത്യമെന്നും അതില്‍ തന്റെ ഭാഗം പൂര്‍ണ്ണമായും നിറവേറ്റാനാകാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു, എന്നാല്‍ താന്‍ പലതും ശരിയായി ചെയ്യുന്നുണ്ടെന്നതിനാല്‍ തനിക്ക് ചെറിയ തെറ്റുകള്‍ തിരുത്തി മെച്ചപ്പെടാവുന്നതേയുള്ളുവെന്ന് രാഹുല്‍ പറഞ്ഞു.

Advertisement