ജഴ്സി പാക്കിസ്ഥാന്റെ, പേരും നമ്പറും ധോണിയുടെ – പാക് ആരാധകന്റെ ധോണി സ്നേഹം

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ആരാധന തന്റെ പാക് ജഴ്സില്‍ പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ ആരാധകന്‍. ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയില്‍ ഷെഹ്സാദ് ഉള്‍-ഹസ്സന്‍ എന്ന് പറഞ്ഞ വ്യക്തി പങ്കുവെച്ച പാക്കിസ്ഥാന്‍ ജഴ്സിയില്‍ പേരും നമ്പറും ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയുടേതാണ്. ഇന്ത്യയും പാക്കിസ്ഥാനും രാഷ്ട്രീയത്തിലെ പോലെ തന്നെ ക്രിക്കറ്റിലും ബദ്ധ വൈരികളായി നിലകൊള്ളുമ്പോളാണ് അതിര് കടന്ന് ധോണിയോടുള്ള ഇഷ്ടം ഈ പാക് ആരാധകന്‍ പുറത്ത് കാട്ടുന്നത്.

തന്റെ ഏറ്റവും പുതിയ പാക് ജഴ്സിയുടെ പിന്നിലാണ് ധോണിയുടെ പേരും നമ്പറും ഷെഹ്സാദ് ചേര്‍ത്തിരിക്കുന്നത്. മേയ് 30നു ലോകകപ്പ് ആരംഭിയ്ക്കുമ്പോളാണ് പാക് ആരാധകന്റെ ഈ സ്നേഹ പ്രകടനം. ഷെഹ്സാദിനെ പിന്തുടരുന്ന മറ്റു പാക് ആരാധകരും കമന്റുകളിലൂടെ ധോണിയോടുള്ള സ്നേഹം മറച്ച് വയ്ക്കുന്നില്ല. “രാജ്യങ്ങള്‍ മാറിയാലും തലയോടുള്ള സ്നേഹം ഒരിക്കലും മാറില്ല, ലവ് യൂ സോ മച്ച് തല” എന്നാണ് ഒരു പാക് ആരാധകന്റെ ട്വീറ്റ്.

ജൂണ്‍ 16നാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. ലോകകപ്പില്‍ 6 തവണ ഏറ്റുമുട്ടിയപ്പോളും ഇന്ത്യയ്ക്ക് തന്നെയായിരുന്നു വിജയം. അതേ സമയം ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കിയത്. മത്സരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് നടക്കുക.