ലുംഗിസാനി ഗിഡിയുടെ പരിക്ക് താളം തെറ്റിച്ചു

- Advertisement -

തങ്ങള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ ഒന്നും ശരിയാകാതെ പോയൊരു ദിനമായിരുന്നു ബംഗ്ലാദേശിനെതിരെയുള്ള മത്സരമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ലുംഗിസാനി ഗിഡിയുടെ പരിക്ക് ടീമിന്റെ താളം തെറ്റിച്ചു. അത് തങ്ങളുടെ ബൗളിംഗ് പ്ലാനിനെ പാടെ മാറ്റി മറിച്ചുവെന്നും ഫാഫ് ഡു പ്ലെസി അഭിപ്രായപ്പെട്ടു. 330 വലിയ സ്കോറായിരുന്നുവെന്നും ടീമില്‍ ഒരുവിധം എല്ലാവരും ഒരു പരിധി വരെ റണ്‍സ് കണ്ടെത്തിയെങ്കിലും അത് പര്യാപ്തമല്ലായിരുന്നവെന്നത് മത്സരഫലം സൂചിപ്പിക്കുന്നുവെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ഗ്രൗണ്ട്സ്മാനോട് സംസാരിച്ചപ്പോള്‍ പിച്ചില്‍ പേസും ബൗണ്‍സും ഉണ്ടാകുമെന്ന് കരുതിയെന്നും അതാണ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ കാരണമെന്നും ഫാഫ് ഡു പ്ലെസി സൂചിപ്പിച്ചു. ഏഷ്യന്‍ ടീമുകള്‍ റണ്‍സ് നേടിക്കഴിഞ്ഞാല്‍ അവരുടെ സ്പിന്‍ ബൗളിംഗ് കരുത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മിടുക്കന്മാരാണെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

ഗിഡിയുടെ അഭാവത്തിലും ഇത്രയധികം റണ്‍സ് വഴങ്ങുന്നത് ശരിയല്ലെന്ന് പറഞ്ഞ ഫാഫ് ഡു പ്ലെസി അവസാന അഞ്ചോവറില്‍ തന്റെ ടീം വളരെ മോശമായിരുന്നുവെന്നതാണ് സ്കോര്‍ ബോര്‍ഡ് കാണുമ്പോള്‍ മനസ്സിലാവുന്നതെന്നും പറഞ്ഞു. 45 ഓവര്‍ വരെ മത്സരം എത്തുമ്പോള്‍ തങ്ങള്‍ വിക്കറ്റുകള്‍ നേടി തിരിച്ചുവരവ് നടത്തിയെന്നും ഷാക്കിബ്-മുഷ്ഫിക്കുര്‍ എന്നീ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കി മേല്‍ക്കൈ നേടിയതാണെങ്കിലും അവസാന അഞ്ചോവറില്‍ കളി ടീം കൈവിട്ടുവെന്നും ഫാഫ് പറഞ്ഞു.

Advertisement