തണ്ടറായി ബോൾട്ട്, ഇന്ത്യയെ പിടിച്ച് കെട്ടി ന്യൂസിലൻഡ്

- Advertisement -

ലോകകപ്പിന് മുന്നോടിയായ വാമപ്പ് മാച്ചിൽ ഇന്ത്യയെ പിടിച്ച് കെട്ടി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസെടുത്ത് പുറത്തായി. 6 ഓവർ എറിഞ്ഞ് 33 റൺസ് നൽകി 4 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ജഡേജയും പാണ്ഡ്യയും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്.

ആദ്യം ബാറ്റിംഗിനിറങ്ങാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ തീരുമാനം പാളുന്ന കാഴ്ചയാണ് ആദ്യ ഓവറുകളിൽ തന്നെ കണ്ടത്. ട്രെന്റ് ബോൾട്ട് ‘തണ്ടർ ബോൾട്ടായി’ മാറിയപ്പോൾ ഇന്ത്യയുടെ രോഹിതും(2) ശിഖർ ധവാനും(2) വീണു. പിന്നീട് കൊഹ്ലി ഇന്ത്യൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. രാഹുലും കാർത്തികും ഭുവനേശ്വർ കുമാറും രണ്ടക്കം കാണാതെ മടങ്ങി. ജഡേജയും(54) ഹാർദിക് പാണ്ഡ്യയും (34) ന്യൂസിലൻഡ്നെതിരെ പിടിച്ചു നിന്നു. ന്യൂസിലാന്റിന് വേണ്ടി ജെയിംസ് നിഷാം മൂന്നും, സൗത്തി,ഗ്രാൻഡ്ഹോം,ഫെർഗൂസൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement