നങ്കൂരമിട്ട് ഹോപ്, വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഘട്ടത്തില്‍ ഹെറ്റ്മ്യര്‍ ക്രീസില്‍ നിന്നപ്പോള്‍ 350 റണ്‍സിനടുത്ത സ്കോറിലേക്ക് എത്തുമെന്ന പ്രതീക്ഷ വിന്‍ഡീസ് പുലര്‍ത്തിയെങ്കിലും മുസ്തഫിസുറിന്റെ രണ്ടാം സ്പെല്ലില്‍ ഹെറ്റ്മ്യറിനെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കി താരം തിരിച്ചടിച്ച ശേഷം റണ്ണൊഴുക്ക് നിലച്ച് വിന്‍ഡീസ്.  ഷായി ഹോപിന്റെ 96 റണ്‍സിന്റെ ബലത്തില്‍ ടീം 50 ഓവര്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടുകയായിരുന്നു. ഹോപ് തന്റെ ശതകത്തിന് 4 റണ്‍സ് അകലെ വെച്ചാണ് പുറത്തായത്. മുസ്തഫിസുറിനു തന്നെയാണ് ഹോപിന്റെ വിക്കറ്റും.

ക്രിസ് ഗെയിലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 116 റണ്‍സുമായി എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്കോറിനു അടിത്തറ പാകിയത്. 67 പന്തില്‍ നിന്ന് 70 റണ്‍സ് നേടി ലൂയിസിനെ ഷാക്കിബ് പുറത്താക്കിയപ്പോള്‍ അടുത്തതായി എത്തിയ നിക്കോളസ് പൂരനും(25) ഷാക്കിബിനു വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീട് ഷായി ഹോപ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത് നാലാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തില്‍ തന്നെ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ അതേ ഓവറില്‍ തന്നെ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി.

ഷായി ഹോപിനൊപ്പം എത്തിയ ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു പിന്നീട് അടിച്ച് തകര്‍ക്കുന്ന കാഴ്ച ടോണ്ടണില്‍ കണ്ടത്. വെറും 15 പന്തില്‍ നിന്ന് 33 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഡാരെന്‍ ബ്രാവോ 19 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

മൂന്ന് വീതം വിക്കറ്റുമായി മുസ്തഫിസുറും മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റ് നേടി.