മുഴുവന്‍ ഓവറുകള്‍ താന്‍ ബാറ്റ് ചെയ്യണമായിരുന്നു, ശതകം ഒരു ബാറ്റ്സ്മാന് എന്നും സ്പെഷ്യല്‍ – ഡേവിഡ് വാര്‍ണര്‍

താന്‍ പുറത്താകുമ്പോള്‍ വെറും 70 പന്തുകള്‍ മാത്രമായിരുന്നു ഇന്നിംഗ്സില്‍ ബാക്കിയെന്നും താന്‍ ആ പന്തുകള്‍ കൂടി ബാറ്റ് ചെയ്യണമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാനെതിരെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ഡേവിഡ് വാര്‍ണര്‍. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഇത്രയും ഓവറുകള്‍ ക്രീസില്‍ ചെലവഴിച്ച ശേഷം 50 ഓവറും ബാറ്റ് ചെയ്യുക എന്നതാണ് പ്രധാനം, താന്‍ സെറ്റായതിനാല്‍ താന്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

350 റണ്‍സിനു മേല്‍ സ്കോര്‍ ചെയ്യേണ്ടതായിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് വാര്‍ണര്‍ സമ്മതിച്ചു. അവരുടെ ബൗളര്‍മാരുടെ രണ്ടാം സ്പെല്‍ തകര്‍പ്പനായിരുന്നു. ബാറ്റ്സ്മാന്മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് അവര്‍ പന്തെറിഞ്ഞത്. എന്നാല്‍ 300 കടന്നതിനാല്‍ തന്നെ ബൗളര്‍മാര്‍ വിജയം ഒരുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.