റസ്സലിനി ലോകകപ്പിനില്ല, പകരക്കാരനെയും പ്രഖ്യാപിച്ച് വിന്‍ഡീസ്

പരിക്കേറ്റ് ആന്‍ഡ്രേ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. തന്റെ കാല്‍മുട്ടിന്റെ നിരന്തരമായ പ്രശ്നമാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിക്കുവാന്‍ കാരണമായിരിക്കുന്നത്. സുനില്‍ അംബ്രിസിനെയാണ് വിന്‍ഡീസ് 15 അംഗ സ്ക്വാഡില്‍ പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതല്‍ താരത്തെ പരിക്ക് അലട്ടിയിരുന്നു. 4 മത്സരങ്ങളില്‍ മാത്രമാണ് റസ്സലിന് കളിക്കാനായത്.

പാക്കിസ്ഥാനെതിരെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ശേഷം പിന്നീട് റസ്സല്‍ നിറം മങ്ങിപ്പോകുകയായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റും 36 റണ്‍സുമാണ് റസ്സലിന്റെ ഇതുവരെയുള്ള ലോകകപ്പിലെ പ്രകടനം.