അടുപ്പിച്ച് മൂന്ന് ടെസ്റ്റുകള്‍ കളിക്കേണ്ടത് ന്യൂസിലാണ്ടിന് തിരിച്ചടി – മൈക്ക് ഹെസ്സൺ

- Advertisement -

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉൾപ്പെടെ അടുപ്പിച്ച് മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നത് ന്യൂസിലാണ്ടിന് തിരിച്ചടിയാണെന്ന് പറഞ്ഞ് മൈക്ക് ഹെസ്സൺ. ജൂൺ 18ന് സൗത്താംപ്ടണിൽ ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റിൽ ന്യൂസിലാണ്ട് കളിക്കേണ്ടതുണ്ട്. സാഹചര്യങ്ങളുമായി ന്യൂസിലാണ്ടിന് പൊരുത്തപ്പെടാനാകുമന്ന് ഏവരും പറയുന്നുണ്ടെങ്കിലും 20 ദിവസത്തിനിടെ ഇത്രയധികം ടെസ്റ്റ് കളിക്കേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാണെന്നാണ് മുന്‍ കോച്ച് മൈക്ക് ഹെസ്സൺ പറയുന്നത്.

ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് കൈകാര്യം ചെയ്യേണ്ടത് ഇത്തരം സാഹചര്യത്തിൽ വളരെ വലിയ കാര്യമാണെന്നും ഹെസ്സൺ പറഞ്ഞു. ട്രെന്റ് ബോള്‍ട്ട് കളിക്കാന്‍ എത്തുമ്പോൾ പകരം ടിം സൗത്തി, നീൽ വാഗ്നര്‍, കൈൽ ജാമിസൺ എന്നിവരിൽ ഒരാളെ പുറത്തിരുത്തുവാനാണ് ഇപ്പോൾ ന്യൂസിലാണ്ട് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഓരോ ടെസ്റ്റിനും ഇടയ്ക്ക് നാല് ദിവസത്തെ ഇടവേള മാത്രമുള്ളതിനാൽ തന്നെ ഇത്തരത്തില്‍ വിശ്രമം നല്‍കി മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും ഹെസ്സൺ വ്യക്തമാക്കി.

ന്യൂസിലാണ്ട് ടീം മാനേജ്മെന്റ് എത്തരത്തിൽ ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബൗളര്‍മാരുടെ പ്രകടനം എന്നും ഹെസ്സൺ കൂട്ടിചേര്‍ത്തു.

Advertisement