പാക്കിസ്ഥാനിലേക്ക് പര്യടനത്തിന് താരങ്ങളെ നിര്‍ബന്ധിക്കില്ല

സുരക്ഷ അനുമതി ലഭിച്ചാലും പാക്കിസ്ഥാനിലേക്ക് പര്യടനത്തിനായി പോകുവാന്‍ താന്‍ താരങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. രണ്ട് ടെസ്റ്റിനും മൂന്ന് ടി20യ്ക്കുമായുള്ള മത്സര ക്രമം പാക്കിസ്ഥാന്‍ ബോര്‍ഡ് ഈ വരുന്ന ജനുവരി-ഫെബ്രുവരി സീസണിലേക്കായി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബംഗ്ലാദേശ് ബോര്‍ഡ് ഇതുവരെ അതിന് മറുപടി നല്‍കിയിട്ടില്ല. പാക്കിസ്ഥാന് ടൂറിനുള്ള സുരക്ഷ അനുമതിയ്ക്കായാണ് ബംഗ്ലാദേശ് ബോര്‍ഡ് കാത്തിരിക്കുന്നതെങ്കിലും താരങ്ങളുടെയും പിന്തുണ സ്റ്റാഫിന്റെയും അനുമതിയുണ്ടെങ്കിലേ പരമ്പര നടക്കൂവെന്നാണ് നസ്മുള്‍ പറയുന്നത്.

വനിത ടീമിനെയും അണ്ടര്‍ 16 ടീമിനെയും പാക്കിസ്ഥാനിലേക്ക് അയയ്ച്ചുവെങ്കിലും പുരുഷ സീനിയര്‍ ടീമിന്റെ കാര്യത്തില്‍ ഇത്തരം സമീപനമല്ല ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ താരങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് നിര്‍ബന്ധിക്കുവാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് നസ്മുള്‍ പറഞ്ഞു. ഏതെങ്കിലും താരങ്ങള്‍ക്ക് അങ്ങോട്ട് പോകണമെന്നില്ലെങ്കില്‍ അവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ടെന്ന് നസ്മുള്‍ വ്യക്തമാക്കി.