പാക്കിസ്ഥാനെതിരെ മൂന്ന് റണ്‍സിന്റെ ആവേശകരമായ വിജയം നേടി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഇന്നലെ നടന്ന മത്സരത്തില്‍ 50 ഓവറില്‍ നിന്ന് 200/9 എന്ന സ്കോര്‍ നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന് മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും അവസാന ഘട്ടത്തില്‍ കാലിടറുകയായിരുന്നു.
ജയത്തിനായി അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് 9 റണ്‍സ് മാത്രമേ നേടാനായുള്ളു. ലോറ വോള്‍വാര്‍ഡട്(40), മരിസാന്നേ കാപ്പ്(47), മിഗ്നണ്‍ ഡൂ പ്രീസ്(29), ലോറ ഗോഡാള്‍(27) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റണ്‍സ് കണ്ടെത്തിയത്. പാക്കിസ്ഥാന് വേണ്ടി ഡയാന ബൈഗ് മൂന്നും സാദിയ ഇക്ബാല്‍, നശ്ര സന്ധു എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയുണ്ടായി.
നിദാ ദാര്‍ പുറത്താകാതെ 59 റണ്‍സുമായി നിന്നാണ് പാക്കിസ്ഥാന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഡയാന ബൈഗ് 35 റണ്‍സുമായി നിദയ്ക്ക് മികച്ച പിന്തുണ നല്കി. ആലിയ റിയാസ്(28), ഒമൈ സൊഹൈല്‍(37) എന്നിവരും ടീമിനായി തിളങ്ങി.
ഷബ്നിം ഇസ്മൈലിന്റെ മൂന്ന് വിക്കറ്റ് പ്രകടനം ആണ് പാക്കിസ്ഥാന്റെ ഇന്നിംഗ്സിന് തിരിച്ചടി നല്‍കിയത്. ആലിയ റിയാസിനെയും ഫാത്തിമ സനയെയും അടുത്തടുത്ത പന്തുകളില്‍ താരം പുറത്താക്കിയത് പാക്കിസ്ഥാന് ഇന്നിംഗ്സിന്റെ താളം തെറ്റിച്ചു.