പരമ്പര കൈവിട്ടെങ്കിലും റാങ്കിംഗില്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ താരങ്ങള്‍, ജെമീമയ്ക്ക് രണ്ടാം റാങ്ക്

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര 3-0നു നഷ്ടപ്പെട്ടുവെങ്കിലും റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി ഇന്ത്യന്‍ താരങ്ങള്‍. ജെമീമ റോഡ്രിഗസ് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേക്ക് കുതിച്ചപ്പോള്‍ സ്മൃതി മന്ഥാന ആറാം സ്ഥാനവും ഹര്‍മ്മന്‍പ്രീത് കൗര്‍ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. 765 റേറ്റിംഗ് പോയിന്റോടെ ന്യൂസിലാണ്ടിന്റെ സൂസി ബെയ്റ്റ്സ് ആണ് ഒന്നാം റാങ്കിലുള്ളത്.

132 റണ്‍സാണ് മൂന്ന് മത്സരങ്ങളില്‍ നിന്നായി ജെമീമ സ്വന്തമാക്കിയത്. 737 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. തൊട്ടു പുറകില്‍ മൂന്നാം സ്ഥാനത്ത് വിന്‍ഡീസിന്റെ ഡിയാന്‍ഡ്ര ഡോട്ടിന്‍ ആണ്. 727 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത് . 180 റണ്‍സ് പരമ്പരയില്‍ നിന്ന് നേടിയ സ്മൃതി 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആറാം സ്ഥാനത്തേക്ക് എത്തിയത്. ഇന്ത്യ അവസാന മത്സരത്തില്‍ 2 റണ്‍സിനു പരാജയപ്പെട്ടപ്പോള്‍ 86 റണ്‍സാണ് സ്മൃതി നേടിയത്.