ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടത് ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമീമാ റോഡ്രിഗസ്(46), ഹര്‍മ്മന്‍പ്രീത് കൗര്‍(63) എന്നിവരുടെ മികവില്‍ 18.3 ഓവറില്‍ 156 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇരുവരും ഒഴികെ ടീമില്‍ ആര്‍ക്കും മികവ് പുലര്‍ത്താനായില്ലെങ്കിലും 38 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ കൗറിന്റെ പ്രകടനം ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തേകുകയായിരുന്നു. 5 സിക്സും 3 ബൗണ്ടറിയും അടക്കമാണ് ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്സ്. 105/2 എന്ന നിലയില്‍ നിന്ന് ഇന്ത്യ 51 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കയ്ക്കായി ഇനോഷി പ്രിയദര്‍ശനിയും ശശികല സിരിവര്‍ദ്ധനേയും മൂന്ന് വിക്കറ്റ് നേടി തിളങ്ങി.
ബൗളര്‍മാര്‍ നടത്തിയ തിരിച്ചുവരവില്‍ നിന്ന് ലങ്കന്‍ ബാറ്റിംഗ് നിരയ്ക്ക് പ്രചോദനം ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ പോയപ്പോള്‍ 17.4 ഓവറില്‍ ലങ്കന്‍ ഇന്നിംഗ്സിനു തിരശീല വീണു. 29 റണ്‍സ് നേടിയ അനുഷ്ക സഞ്ജീവനിയാണ് ടീമിലെ ടോപ് സ്കോറര്‍. ശശികല സിരിവര്‍ദ്ധനേ, ഒഷാഡി രണസിംഗേ എന്നിവര്‍ 22 റണ്‍സ് നേടി.
ഇന്ത്യയ്ക്കായി പൂനം യാദവ് 3 വിക്കറ്റ് നേടയിപ്പോള്‍ ദീപ്തി ശര്‍മ്മ, രാധ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.