വനിത ആഷസിലെ രണ്ടാം ഏകദിന മത്സരത്തിൽ വിജയം നേടി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 3 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. 282/7 എന്ന സ്കോര്‍ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 279 റൺസ് മാത്രമേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.
അവസാന ഓവറിൽ 15 റൺസ് വേണ്ട ഘട്ടത്തിൽ ആദ്യ രണ്ട് പന്തിൽ സിംഗിളുകള്‍ മാത്രം പിറന്നപ്പോള്‍ മൂന്നാം പന്തിൽ ബൗണ്ടറി നേടുവാന്‍ നാറ്റ് സ്കിവര്‍ ബ്രണ്ടിന് സാധിച്ചു. അടുത്ത രണ്ട് പന്തിൽ നിന്ന് രണ്ട് ഡബിള്‍ കൂടി വന്നുവെങ്കിലും അവസാന പന്തിൽ സ്കോര്‍ ഒപ്പമെത്തിക്കുവാന്‍ ബൗണ്ടറി വേണ്ട ഘട്ടത്തിൽ ഒരു റൺസ് മാത്രം നേടുവാനെ ഇംഗ്ലണ്ടിന് സാധിച്ചുള്ളു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി 91 റൺസ് നേടിയ എൽസെ പെറിയ്ക്കൊപ്പം അന്നാബെൽ സത്തര്‍ലാണ്ട് 50 റൺസും ജോര്‍ജ്ജിയ വെയര്‍ഹാം 37 റൺസും നേടിയപ്പോള്‍ 33 റൺസ് വീതം നേടി ബെത്ത് മൂണിയും ആഷ്‍ലൈ ഗാര്‍ഡ്നറും ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിനായി ലോറന്‍ ബെല്ലും സോഫി എക്ലെസ്റ്റോണും മൂന്ന് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി താമി ബ്യൂമോണ്ട് 60 റൺസ് നേടിയെങ്കിലും 111 റൺസ് നേടിയ നാറ്റ് സ്കിവറിന്റെ പ്രകടനം ആയിരുന്നു ടീമിനെ മുന്നോട്ട് നയിച്ചത്. ആമി ജോൺസ് 37 റൺസും സാറ ഗ്ലെന്‍ 22 റൺസും നേടിയെങ്കിലും ലക്ഷ്യത്തിന് അരികെയെത്തി ടീം വീഴുകയായിരുന്നു.