2024 വനിതാ കരീബിയൻ പ്രീമിയർ ലീഗ് സീസണിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് (ടികെആർ) വേണ്ടി ഇന്ത്യൻ ബാറ്റർ ജെമീമ റോഡ്രിഗസും ഫാസ്റ്റ് ബൗളർ ശിഖ പാണ്ഡെയും കളിക്കും. ഇരുവർക്കും ബി സി സി ഐ കളിക്കാൻ അനുമതി നൽകി. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്ലെയർ ഡ്രാഫ്റ്റിൽ ഇരുവരെയും ടികെആർ ഉൾപ്പെടുത്തി.
ഓസ്‌ട്രേലിയൻ ബാറ്റർ മെഗ് ലാനിംഗും ഇടംകൈയ്യൻ സ്പിന്നർ ജെസ് ജോനാസണുമാണ് ടീം ഡ്രാഫ്റ്റിൽ ഉള്ള മരു വിദേശ താരങ്ങൾ.
“ഇതാദ്യമായാണ് ഞാൻ ഡബ്ല്യുസിപിഎല്ലിലേക്ക് വരുന്നത്. കരീബിയനിൽ ഇന്ത്യക്ക് വേണ്ടി ഞാൻ കുറച്ച് കളിച്ചിട്ടുണ്ട്, എന്നാൽ ഡബ്ല്യുസിപിഎല്ലിൽ നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” ജമീമ റോഡ്രിഗസ് പറഞ്ഞു.
“ഞങ്ങളുടെ പ്രാദേശിക കരീബിയൻ കളിക്കാരെ നിലനിർത്താനും ലോകപ്രശസ്തരായ നാല് വിദേശ താരങ്ങളെ ഈ വർഷത്തെ വനിതാ സിപിഎല്ലിലേക്ക് സൈൻ അപ്പ് ചെയ്യാനും കഴിയുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്,” നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് സിഇഒ വെങ്കി മൈസൂർ പ്രസ്താവനയിൽ പറഞ്ഞു.
“ജെമിമ റോഡ്രിഗസും ശിഖ പാണ്ഡെയും ടൂർണമെൻ്റിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കും, കൂടാതെ WCPL-ൽ അവർക്ക് കളിക്കാൻ സൗകര്യമൊരുക്കിയതിന് ഞങ്ങൾ ബിസിസിഐയോട് വളരെ നന്ദിയുള്ളവരാണ്.” അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ സിപിഎൽ ഓഗസ്റ്റ് 21 മുതൽ 29 വരെ ട്രിനിഡാഡിൽ നടക്കും. ഏഴ് മത്സരങ്ങളും ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ ആകും നടക്കുക.