ലക്ഷ്യം വലിയ സ്കോര്‍ നേടുകയായിരുന്നുവെന്ന് മാന്‍ ഓഫ് ദി മാച്ച് താരം, ആഗ്രഹം നാട്ടിലൊരു ടെസ്റ്റ് മത്സരം കളിക്കുവാന്‍

Sports Correspondent

തന്റെ കന്നി ശതകം നേടുവാനായതില്‍ വളരെ അധികം സന്തോഷം തോന്നുന്നുണ്ടെന്ന് അറിയിച്ച് ജമൈക്ക ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഹനുമ വിഹാരി. തനിക്ക് കഴിഞ്ഞ മത്സരത്തില്‍ ശതകം നഷ്ടമായിരുന്നു, അതിനാല്‍ തന്നെ ഇത്തവണ കൂറ്റന്‍ സ്കോറാണ് ലക്ഷ്യം വെച്ചത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വലിയ പിന്തുണയുള്ള പിച്ചായിരുന്നതിനാല്‍ ക്ഷമയോടെയും കരുതലോടെയും ബാറ്റ് ചെയ്യണമെന്ന് താനും ഋഷഭ് പന്തും കണക്ക് കൂട്ടിയിരുന്നു.

സ്പിന്നര്‍മാര്‍ക്കെതിരെയായിരുന്നു റിസ്ക് എടുക്കുവാനുള്ള പദ്ധതി താനിട്ടത്. അതായിരുന്നു മത്സരത്തിലെ പദ്ധതി, അത് ശരിയായി വരികയും ചെയ്തു. താന്‍ ഇതുവരെ നാട്ടിലൊരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ ഇനി ഉറ്റുനോക്കുന്നത് ഇന്ത്യയില്‍ അവിടുത്തെ കാണികളുടെ മുന്നില്‍ ഒരു ടെസ്റ്റ് കളിക്കുക എന്നതാണെന്നും ഹനുമ വിഹാരി വ്യക്തമാക്കി.