9 വിക്കറ്റ് വിജയവുമായി വിന്‍ഡീസ്

അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റ് ജയം നേടി വിന്‍ഡീസ്. ഇരു ടീമുകളും തമ്മിലുള്ള ഏക ടെസ്റ്റിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെ 120 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശേഷം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഇരു ഇന്നിംഗ്സുകളിലായി 10 വിക്കറ്റ് നേടിയ റഖീം കോണ്‍വാലാണ് മാന്‍ ഓഫ് ദി മാച്ച്.

8 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. ജോണ്‍ കാംപെല്‍(19*), ഷായി ഹോപ്(6*) എന്നിവരാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.

109/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന്‍ 11 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇതോടെ വിന്‍ഡീസിന്റെ വിജയ ലക്ഷ്യം 31 റണ്‍സായി മാറി. ജേസണ്‍ ഹോള്‍ഡര്‍, റോഷ്ടണ്‍ ചേസ്, റഖീം കോണ്‍വാല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വിന്‍ഡീസിനായി നേടി.