ത്രിരാഷ്ട്ര പരമ്പര, വിന്‍ഡീസിനു 196 റണ്‍സ് വിജയം

അയര്‍ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരെ 196 റണ്‍സിനു പരാജയപ്പെടുത്തി വിന്‍ഡീസ്. ജോണ്‍ കാംപെലും ഷായി ഹോപും ശതകങ്ങള്‍ നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 381/3 എന്ന പടുകൂറ്റന്‍ സ്കോറാണ് 50 ഓവറില്‍ നേടിയത്. 137 പന്തില്‍ നിന്ന് 15 ഫോറും 6 സിക്സും സഹിതമാണ് തന്റെ 179 റണ്‍സിലേക്ക് കാംപെല്‍ കുതിച്ചത്. അതേ സമയം 152 പന്തില്‍ നിന്ന് 22 ഫോറും 2 സിക്സുമായാണ് ഷായി ഹോപ് തന്റെ 170 റണ്‍സ് നേടിയത്. അയര്‍ലണ്ടിനു വേണ്ടി ബാരി മക്കാര്‍ത്തി 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 34.4 ഓവറില്‍ 185 റണ്‍സിനു ഓള്‍ഔട്ട് ആയി. 68 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഗാരി വില്‍സണ്‍(30), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസ് ബൗളര്‍മാരില്‍ നാല് വിക്കറ്റുമായി ആഷ്‍ലി നഴ്സ് തിളങ്ങിയപ്പോള്‍ ഷാനണ‍് ഗബ്രിയേല്‍ മൂന്നും കെമര്‍ റോച്ച് രണ്ടും വിക്കറ്റ് നേടി.