302 റൺസിൽ ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍, വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെ

Fawadalam

2/3 എന്ന നിലയിൽ നിന്ന് 302/9 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍. ജമൈക്കയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസവും മഴ മത്സരത്തിന്റെ ഏറെ ഭാഗം കവര്‍ന്നുവെങ്കിലും 212/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 90 റൺസ് കൂടി ചേര്‍ത്ത ശേഷം തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ 231/7 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണുവെങ്കിലും അവസാന മൂന്ന് വിക്കറ്റിൽ 71 റൺസ് കൂട്ടിചേര്‍ത്ത് ടീം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. റിട്ടേര്‍ഡ് ഹര്‍ട്ട് ആയ ഫവദ് അലം തിരിച്ചു വന്ന് 124 റൺസുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

മുഹമ്മദ് റിസ്വാന്‍ 31 റൺസും ഫഹീം അഷ്റഫ് 26 റൺസും നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദി 19 റൺസ് നേടി. വിന്‍ഡീസിന് വേണ്ടി സീൽസും റോച്ചും മൂന്ന് വീതം വിക്കറ്റ് നേടി. ജേസൺ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി.

തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 39/3 എന്ന നിലയിലാണ്. ഷഹീന്‍ അഫ്രീദി രണ്ടും ഫഹീം അഷ്റഫ് ഒരു വിക്കറ്റും നേടിയപ്പോള്‍ എന്‍ക്രുമ ബോണ്ണര്‍ 18 റൺസുമായി ആതിഥേയര്‍ക്കായി ക്രീസിലുണ്ട്.

Previous articleആഴ്സണലിന്റെ കഷ്ടകാലം തുടരുന്നു, ബെൻ വൈറ്റ് കോവിഡ് പോസിറ്റീവ്
Next articleബോര്‍ഡിനോട് ശ്രീലങ്കന്‍ താരങ്ങള്‍ ഐപിഎൽ പങ്കാളിത്തത്തെക്കുറിച്ച് അറിയിച്ചിട്ടില്ല