ജോണ്‍ കാംപെലിനെ നഷ്ടമായെങ്കിലും ഭേദപ്പെട്ട തുടക്കവുമായി വെസ്റ്റിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ തങ്ങളുടെ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട നിലയില്‍. ഇംഗ്ലണ്ടിനെ 204 റണ്‍സിന് പുറത്താക്കിയ ശേഷം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് ഓപ്പണ്‍ ജോണ്‍ കാംപെല്ലിനെ നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ദിവസം അവസാനിപ്പിക്കുവാന്‍ സന്ദര്‍ശകര്‍ക്കായി.

ഒന്നാം വിക്കറ്റില്‍ ക്രെയിഗ് ബ്രാത്‍വൈറ്റും ജോണ്‍ കാംപെല്ലും ചേര്‍ന്ന് 43 റണ്‍സ് നേടി വിന്‍ഡീസിന് മികച്ച തുടക്കം നല്‍കിയെങ്കിലും 28 റണ്‍സ് നേടിയ കാംപെല്ലിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിവസം 57 റണ്‍സില്‍ അവസാനിപ്പിക്കുവാന്‍ വെസ്റ്റിന്‍ഡീസിന് സാധിച്ചു.

20 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 3 റണ്‍സ് നേടി ഷായി ഹോപുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 26.3 ഓവറുകള്‍ അവശേഷിക്കെ വെളിച്ചക്കുറവ് മൂലമാണ് രണ്ടാം ദിവസത്തെ കളി നേരത്തെ നിര്‍ത്തിയത്. 14 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കരീബിയന്‍ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ വിന്‍ഡീസ് 147 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

Previous articleഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ജേസണ്‍ ഹോള്‍ഡര്‍, ആറ് വിക്കറ്റ്
Next articleഇങ്സിന് 19ആം ഗോൾ, എവർട്ടൺ സൗതാമ്പ്ടൺ മത്സരം സമനിലയിൽ