ഓള്‍റൗണ്ട് മികവുമായി വിന്‍ഡീസ്, ടി20 ജയം 10.5 ഓവറില്‍

ഷെല്‍ഡണ്‍ കോട്രെല്‍ ബൗളിംഗിലും ഷായി ഹോപ് ബാറ്റിംഗിലും തിളങ്ങിയ മത്സരത്തില്‍ ആധികാരിക വിജയവുമായി ടി20 പരമ്പര ആരംഭിച്ച വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ സന്ദര്‍ശകര്‍ 10.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. ഷായി ഹോപ് 23 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ കീമോ പോള്‍(28*), നിക്കോളസ് പൂരന്‍(23*) എന്നിവര്‍ വിജയികള്‍ക്കായി പുറത്താകാതെ നിന്നു. 18 റണ്‍സ് നേടിയ എവിന്‍ ലൂയിസ് ആണ് പുറത്തായ മറ്റൊരു താരം. 6 സിക്സും 3 ഫോറുമടക്കമാണ് ഷായി ഹോപിന്റെ വെടിക്കെട്ട് പ്രകടനം. 16 പന്തില്‍ തന്റെ അര്‍ദ്ധ ശതകം ഹോപ് പൂര്‍ത്തിയാക്കിയിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 129 റണ്‍സിനു ഓള്‍ഔട്ട് ആക്കുവാന്‍ വിന്‍ഡീസിനു സാധിച്ചു. 19 ഓവറില്‍ അവസാനിച്ച ബംഗ്ലാദേശ് ഇന്നിംഗ്സില്‍ 61 റണ്‍സ് നേടി ഷാക്കിബ് അല് ഹസന്‍ ടോപ് സ്കോറര്‍ ആയി. ഷെല്‍ഡണ്‍ കോട്രെല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ കീമോ പോള്‍ രണ്ടും ഒഷെയ്‍ന്‍ തോമസ്, കാര്‍ലോസ് ബ്രാത്‍വെയ്റ്റ്, ഫാബിയന്‍ അല്ലെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version