നേട്ടങ്ങളില്‍ മതി മറക്കാതെ വിന്‍ഡീസ് ഈ പരമ്പര വിജയത്തില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് മുന്നേറണം

സെയിന്റ് ആന്റിഗ്വയിലെ മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസ് തോറ്റുവെങ്കിലും പരമ്പര നേരത്തെ തന്നെ സ്വന്തമാക്കുവാന്‍ ടീമിനു സാധിച്ചിരുന്നു.കനത്ത പരാജയമാണ് വിന്‍ഡീസിനു ഏറ്റുവാങ്ങേണ്ടി വന്നതെങ്കിലും പരമ്പര 2-1നു സ്വന്തമാക്കിയ ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസ് ലോകത്തിലെ ഏറ്റവും മികച്ച ടീമായി മാറുന്നതിനു വേണ്ടിയുള്ള പ്രയത്നങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് പറയുന്നത്.

2012ല്‍ ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയ ശേഷം മുന്‍ നിര ടീമിനോട് വിന്‍ഡീസ് ജയിക്കുന്നത് ഇതാദ്യമായാണ്. ബംഗ്ലാദേശിനെയും സിംബാബ്‍വേയെയും പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറെ കാലമായി പരമ്പര വിജയം വിന്‍ഡീസിനു സാധ്യമാകുന്നില്ലായിരുന്നു മുന്‍ നിര ടീമുകള്‍ക്കെതിരെ. ടീമെന്ന നിലയില്‍ വിന്‍ഡീസിനു ഇനിയും ഉയരങ്ങളില്‍ എത്താനാകുമെന്ന് വിശ്വസിക്കുന്ന ഹോള്‍ഡര്‍ ടീമിലെ മുന്‍ നിര ബാറ്റ്സ്മാന്മാരില്‍ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാനുണ്ടെന്നാണ് പറഞ്ഞത്.

ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്, ബാറ്റ്സ്മാന്മാരും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇനിയും ഇതുപോലെ പരമ്പര വിജയങ്ങള്‍ ടീമിനു സാധ്യമാകുമെന്ന് ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു. ഈ വിജയത്തില്‍ മതി മറക്കാതെ തുടര്‍ന്നുള്ള പര്യടനങ്ങള്‍ക്കും പരമ്പരകള്‍ക്കുമായി ടീം തയ്യാറെടുക്കുകയാണ് വേണ്ടതെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.