പാക് ക്രിക്കറ്റിന് ഉദ്ദേശിച്ച ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ താന്‍ തന്റെ ബൗളിംഗ് കോച്ച് സ്ഥാനം രാജി വയ്ക്കുവാന്‍ തയ്യാറാണെന്ന് അഭിപ്രായപ്പെട്ട് വഖാര്‍ യൂനിസ്. ഇതിന് മുമ്പും പാക്കിസ്ഥാന്റെ ബൗളിംഗ് കോച്ചായി 2006ലും 2010ല്‍ മുഖ്യ കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള വഖാര്‍ 2011ല്‍ രാജി വെച്ച ശേഷം 2014ല്‍ വീണ്ടും ടീമിന്റെ കോച്ചായി തിരിച്ചെത്തിയ ശേഷൺ 2016ല്‍ വീണ്ടും രാജി വെച്ചു. 2019ല്‍ വീണ്ടും മൂന്ന് വര്‍ഷത്തെ കരാറില്‍ ടീമിന്റെ ബൗളിംഗ് കോച്ചായി താരം എത്തുകയായിരുന്നു. ലോകകപ്പിന് ശേഷമാണ് വഖാര്‍ ഈ ദൗത്യം ഏറ്റെടുത്തത്.
പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചൊരു പേസ് ബൗളിംഗ് ലൈനപ്പ് സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വഖാര്‍ പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം താന്‍ തന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമെന്നും വഖാര്‍ വ്യക്തമാക്കി. തനിക്ക് സ്വയം മികവ് പുലര്‍ത്തുന്നതായി തോന്നുന്നില്ലെങ്കില്‍ താന്‍ മൂന്ന് വര്‍ഷം ഈ സ്ഥാനത്ത് കടിച്ച് തൂങ്ങുകയില്ലെന്നും വഖാര്‍ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സ്ഥിരം ബൗളിംഗ് ലൈനപ്പും പരിമിത ഓവര്‍ ക്രിക്കറ്റില്‍ റൊട്ടേഷന്‍ പോളിസിയും പാക് ടീമില്‍ നടപ്പിലാക്കുവാനാണ് തന്റെ ഇപ്പോളത്തെ തീരുമാനം എന്ന് വഖാര്‍ യൂനിസ് പറഞ്ഞു. പുതിയ പ്രതിഭകള്‍ക്കായി തങ്ങള്‍ എപ്പോഴും ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നുണ്ടന്നും വഖാര്‍ വ്യക്തമാക്കി.