വിൽ പുകോവസ്കിയുമായി താന്‍ സംസാരിച്ചു, താരം കൺകഷനിൽ നിന്ന് നില മെച്ചപ്പെടുത്തി വരുന്നു – ടിം പെയിന്‍

വിൽ പുകോവസ്കി വീണ്ടും കൺകഷന് വിധേയനായതറിഞ്ഞ് തനിക്ക് ഏറെ ദുഖമുണ്ടെന്നും താന്‍ താരവുമായി സംസാരിച്ചുവെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. താരം ആവശ്യത്തിന് വിശ്രമം എടുത്ത് തിരിച്ചുവരവിന്റെ പാതയിലാണെന്നും സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും പെയിന്‍ കൂട്ടിചേര്‍ത്തു. താരത്തിന് വെറും 22-23 വയസ്സേയുള്ളുവെന്നും സമയം എടുത്ത് ക്രിക്കറ്റിലേക്ക് മടങ്ങി വരവ് നടത്തുന്നതാണ് ഉചിതമെന്നും പെയിന്‍ പറഞ്ഞു.

ഈ സമ്മറിൽ തന്നെ താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ടിം പെയിന്‍ വ്യക്തമാക്കി. മുമ്പ് താരത്തിന് നേരിടേണ്ടി വന്ന കൺകഷന്‍ സാഹചര്യങ്ങളുടെ അത്രയും പ്രശ്നമുള്ളതല്ല ഇത്തവണത്തേതെന്നാണ് ടിം പെയിന്‍ വ്യക്തമാക്കിയത്. എന്നാൽ മുമ്പും ഇത് പലയാവര്‍ത്തി സംഭവിച്ചിട്ടുള്ളതിനാൽ തന്നെ താരം കൂടുതൽ കരുതിയിരിക്കേണ്ടിയിരിക്കുന്നുവെന്നും ടിം പെയിന്‍ അഭിപ്രായപ്പെട്ടു.