ഗെയിലിനെതിരെ വിമര്‍ശനവുമായി വിവ് റിച്ചാര്‍ഡ്സും

കര്‍ട്‍ലി ആംബ്രോസിനെതിരെ പ്രതികരണവുമായി എത്തിയ ക്രിസ് ഗെയിലിനെതിരെ വിമര്‍ശനവുമായി വിവ് റിച്ചാര്‍ഡ്സും. ആംബ്രോസ് ഗെയിലിന്റെ ടി20 ലോകകപ്പിനുള്ള തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതാണ് ഗെയിലിനെ ചൊടിപ്പിച്ചത്. ഇപ്പോള്‍ ആംബ്രോസിന് പിന്തുണയുമായി വിവ് റിച്ചാര്‍ഡ്സ് എത്തിയിരിക്കുകയാണ്. ആംബ്രോസിന് തന്റെ അഭിപ്രായം പറയുവാനുള്ള അവകാശമുണ്ടെന്നും അത് മാനിച്ച് ടൂര്‍ണ്ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കുവാനാണ് ഗെയിൽ ശ്രമിക്കേണ്ടതെന്നും അനാവശ്യ പ്രതികരണങ്ങള്‍ നടത്തി ടൂര്‍ണ്ണമെന്റിന് കളങ്കം ഗെയിൽ സൃഷ്ടിക്കരുതെന്നും വിവ് റിച്ചാര്‍ഡ്സ് വ്യക്തമാക്കി.

ഗെയിലിനെ പോലെ തന്നെ രാജ്യത്തിന് വേണ്ടി നേട്ടങ്ങള്‍ കൊയ്ത വ്യക്തിയാണ് ആംബ്രോസ് എന്നും അദ്ദേഹത്തിന്റെ സത്യസന്ധമായ പ്രതികരണമാണ് ഗെയിലിനെതിരെ വന്നതെന്നും അതിന് വേണ്ട ബഹുമാനം കൊടുത്ത് ഗെയിൽ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും വിവ് റിച്ചാര്‍ഡ്സ് പറഞ്ഞു. ക്രിസ് ഗെയിൽ ടീമില്‍ ഇടം നേടിയതിൽ ആംബ്രോസിന് മാത്രമല്ല ഒട്ടനവധി വ്യക്തികള്‍ക്ക് എതിര്‍പ്പുണ്ടെന്നും അപ്പോള്‍ ഗെയിൽ ബാറ്റ് കൊണ്ട് അതിന് മറുപടി നല്‍കുകയാണ് വേണ്ടതെന്നും വിവ് റിച്ചാര്‍ഡ്സ് സൂചിപ്പിച്ചു.