വെടിക്കെട്ട് ബാറ്റിംഗുമായി എവിന്‍ ലൂയിസ്, കരീബിയന്‍ കരുത്തിന് മുന്നിൽ ദക്ഷിണാഫ്രിക്ക വീണു

ദക്ഷിണാഫ്രിക്ക നല്‍കിയ 161 റൺസ് വിജയ ലക്ഷ്യം 15 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് വെസ്റ്റിന്‍ഡീസ്. എവിന്‍ ലൂയിസ് ടോപ് ഓര്‍ഡറിൽ പുറത്തെടുത്ത തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്.

ഓപ്പണര്‍മാരായ ആന്‍ഡ്രേ ഫ്ലെച്ചറും എവിന്‍ ലൂയിസും 7 ഓവറിൽ 85 റൺസാണ് നേടിയത്. 19 പന്തിൽ 30 റൺസ് നേടിയ ഫ്ലെച്ചറെ ആദ്യം നഷ്ടമായെങ്കിലും ലൂയിസ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ അടിച്ച് തകര്‍ക്കുകയായിരുന്നു. താരം പുറത്താകുമ്പോള്‍ 35 പന്തിൽ 71 റൺസാണ് ലൂയിസ് നേടിയത്. 7 സിക്സുകളും താരം നേടി.

ലൂയിസ് പുറത്താകുമ്പോള്‍ വിന്‍ഡീസ് 124 റൺസാണ് നേടിയത്. പിന്നീട് ക്രിസ് ഗെയിലും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് ടീമിനെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചു. ഗെയിൽ പുറത്താകാതെ 32 റൺസും 12 പന്തിൽ പുറത്താകാതെ 23 റൺസും നേടി ആന്‍ഡ്രേ റസ്സലും വിന്‍ഡീസിനെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.