ഉത്തരാഞ്ചല്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുവാന്‍ വസീം ജാഫര്‍, ഒരു വര്‍ഷത്തെ കരാര്‍

- Advertisement -

ഉത്തരാഞ്ചലിനെ 2020-21 ആഭ്യന്തര സീസണില്‍ കോച്ച് ചെയ്യുന്നതിനുള്ള കരാര്‍ ഒപ്പുവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരമാണ് വസീം ജാഫര്‍. രഞ്ജി ക്രിക്കറ്റില്‍ പന്ത്രണ്ടായിരത്തിലധികം റണ്‍സാണ് ജാഫര്‍ നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യമായിട്ടാവും വസീം ജാഫര്‍ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്.

ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളിലും രണ്ട് ഏകദിനത്തിലും കളിച്ചിട്ടുള്ള താരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് 2000ല്‍ തന്റെ അരങ്ങേറ്റം നടത്തിയത്. 2008ല്‍ ആണ് അവസാനമായി താരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. വിന്‍ഡീസിനെതിരെ നേടിയ 212 ആണ് താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയും താരം ശതകങ്ങള്‍ നേടിയിട്ടുണ്ടായിരുന്നു.

തനിക്ക് ദൈര്‍ഘ്യമേറിയ കരാര്‍ ആവശ്യമില്ലായിരുന്നുവെന്നും അതിനാല്‍ തന്നെ ഒരു വര്‍ഷത്തെ കരാറുമായി മുന്നോട്ട് പോകുകയാണെന്ന് ജാഫര്‍ വ്യക്തമാക്കി. പല ടീമുകളും തന്നെ കോച്ചിംഗ് റോളിനായി സമീപിച്ചുവെങ്കിലും ഉത്തരാഞ്ചലിന്റെ വീക്ഷണമാണ് തനിക്ക് ഏറെ ഇഷ്ടമായതെന്നും വസീം ജാഫര്‍ വ്യക്തമാക്കി.

Advertisement