വാ‍ര്‍ണര്‍ക്ക് ശതകം, സ്മിത്തിനു 85 റണ്‍സ്, ഗ്രേഡ് ക്രിക്കറ്റില്‍ തകര്‍ത്ത് താരങ്ങള്‍

ഓസ്ട്രേലിയയിലെ ഗ്രേഡ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരങ്ങളുടെ മികച്ച പ്രകടനം. സത്തര്‍ലണ്ടിനു വേണ്ടി സ്മിത്ത് 85 റണ്‍സ് നേടിയപ്പോള്‍ റാന്‍ഡ്‍വിക്ക്-പെറ്റര്‍ഷാമിനു വേണ്ടി വാര്‍ണര്‍ തകര്‍പ്പന്‍ ശതകമാണ് സ്മിത്ത് നേടിയത്. ഇരു താരങ്ങളും പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം നാട്ടില്‍ ആദ്യമായാണ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്.

ഗ്ലെന്‍ മക്ഗ്രാത്ത് ഓവലില്‍ 85 റണ്‍സ് നേടി സ്മിത്ത് പുറത്തായപ്പോള്‍ സെയിന്റ് ജോര്‍ജ്ജിനെതിരെ കൂഗീ ഓവലില്‍ ശതകം നേടിയ ശേഷം വാര്‍ണര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വായുവില്‍ ഉയര്‍ന്ന് ചാടി തന്റെ ആഹ്ലാദം പ്രകടിപ്പിച്ചു. സ്മിത്ത് സത്തര്‍ലണ്ടിനു വേണ്ടി മോസ്‍മാനെതിരെയാണ് കളിച്ചത്. തന്റെ ഇന്നിംഗ്സില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമാണ് സ്മിത്ത് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണര്‍ 152 പന്തില്‍ നിന്ന് 155 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഇരു താരങ്ങളുടെയും വിലക്ക് മാര്‍ച്ച് 28, 2019നാണ് അവസാനിക്കുക. 30 മേയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു തയ്യാറെടുക്കുവാന്‍ ഇരു താരങ്ങള്‍ക്കും തിരികെ ടീമിലെത്തുകയാണെങ്കില്‍ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു.