പാകിസ്ഥാന്റെ ബൗളിംഗ് പരിശീലകനാവാൻ വഖാർ യൂനുസും

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനുസ് അപേക്ഷ നൽകി. രണ്ടു തവണ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ യൂനിസ് മൂന്നാമതും ടീമിന്റെ മുഖ്യ പരിശീലകനാവാൻ മാനസികമായി തയ്യാറല്ലെന്ന് പറഞ്ഞാണ് ബൗളിംഗ് പരിശീലകനാവാൻ അപേക്ഷ നൽകിയത്. നേരത്തെ 2010ലും 2014 മുതൽ 2016 വരെയും വഖാർ യൂനിസ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

ബൗളിങ്ങിൽ പാകിസ്ഥാൻടീമിന് വേണ്ടി തനിക്ക് കൂടുതൽ സംഭാവനനൽകാൻ പറ്റുമെന്നും മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് താൻ വിമുഖത കാണിക്കുകയല്ലെന്നും അതെ സമയം മുഖ്യ പരിശീലകനാവാൻ താൻ മാനസികമായി തയ്യാറല്ലെന്നും യൂനിസ് പറഞ്ഞു.  മുഖ്യ പരിശീലകനായി ബോർഡ് ആരെ തീരുമാനിച്ചാലും കൂടെ പരിശീലിപ്പിക്കാൻ താൻ തയ്യാർ ആണെന്നും എന്റെ മേഖല ഏതാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അതിൽ തന്നെ താൻ തുടരുമെന്നും യൂനിസ് പറഞ്ഞു.

ലോകകപ്പിന് ശേഷം പാകിസ്താന്റെ ആദ്യ മത്സരം സെപ്റ്റംബർ അവസാനം നടക്കുന്ന ശ്രീലങ്കയുമായുള്ള പരമ്പരയാണ്. അതിന് മുൻപ് തന്നെ പുതിയ ക്യാപ്റ്റനെയും പരിശീലകനെയും സപ്പോർട്ടിങ് സ്റ്റാഫുകളെയും പി.സി.ബി നിയമിക്കും.