വനിന്‍ഡു ഹസരംഗയുടെ ഓള്‍റൗണ്ട് മികവില്‍ ശ്രീലങ്കയ്ക്ക് വിജയം

Srilanka

വെസ്റ്റിന്‍ഡീസിനെതിരെ മികച്ച വിജയം നേടി ശ്രീലങ്ക. വനിന്‍ഡു ഹസരംഗയുടെ ഓള്‍റൗണ്ട് മികവിലാണ് ശ്രീലങ്ക ഇന്നത്തെ മത്സരത്തില്‍ 43 റണ്‍സിന്റെ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 160/6 എന്ന സ്കോര്‍ നേടിയ ശേഷം വെസ്റ്റിന്‍ഡീസിനെ 117 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് വിജയം കരസ്ഥമാക്കിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി ധനുഷ്ക ഗുണതിലക 42 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ പതും നിസ്സങ്ക 37 റണ്‍സ് നേടി. അഷെന്‍ ബണ്ടാര 21 റണ്‍സും നേടിയപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടി വനിന്‍ഡു ഹസരംഗയും നിര്‍ണ്ണായക സംഭാവന നല്‍കി.

ശ്രീലങ്കന്‍ ബൗളര്‍മാര്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ വിന്‍ഡീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 45/1 എന്ന നിലയില്‍ നിന്ന് വനിന്‍ഡു ഹസരംഗയും ലക്ഷന്‍ സണ്ടകനും മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ആതിഥേയരുടെ റണ്ണൊഴുക്ക് നിലച്ചു.

ഹസരംഗ തന്റെ നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ ലക്ഷന്‍ സണ്ടന്‍ 3.4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടി. 18.4 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ 7 പന്തില്‍ 23 റണ്‍സ് നേടി പത്താമനായി ക്രീസിലെത്തിയ ഒബൈദ് മക്കോയ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 21 റണ്‍സ് നേടിയ ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

Previous articleവാഷിംഗ്ടണ്‍ സുന്ദറിന് ശതകം തികയ്ക്കാനായില്ല, ഇന്ത്യ 365 റണ്‍സിന് പുറത്ത്
Next articleഎമ്പപ്പെ തന്റെ പിൻഗാമി ആകും എന്ന് പെലെ