നടരാജനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയ തന്റെ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നു – വീരേന്ദര്‍ സേവാഗ്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്ക്വാഡില്‍ ടി നടരാജനെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ തന്റെ തീരുമാനം വലുതായിരുന്നുവെന്നും എന്നാല്‍ തന്റെ ഈ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നുവെന്ന് പറഞ്ഞ് വീരേന്ദര്‍ സേവാഗ്.

2017 സീസണില്‍ 6 മത്സരങ്ങള്‍ കളിച്ച യോര്‍ക്കര്‍ മാസ്റ്റര്‍ക്ക് 2 വിക്കറ്റ് മാത്രമാണ് നേടാനായത്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവനായിരുന്നു സേവാഗ് അന്ന്. താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും സേവാഗ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ടിഎന്‍പിഎല്‍ മാത്രം കളിച്ച ഒരു താരത്തെ ഇത്ര വലിയ വില കൊടുത്ത് എന്തിന് എടുത്തു എന്നതായിരുന്നു താന്‍ നേരിട്ട ചോദ്യം എന്നാണ് സേവാഗ് വ്യക്തമാക്കിയത്. 2017ല്‍ മൂന്ന് കോടി രൂപയ്ക്കാണ് താരത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.

താന്‍ പൈസയെക്കുറിച്ച് ആശങ്കപ്പെട്ടില്ലെന്നും തനിക്ക് താരത്തിന്റെ പ്രതിഭയില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നുവെന്നും ടീമിലെ ചില തമിഴ്നാട് താരങ്ങളും താരത്തെ ടീമിലേക്ക് എത്തിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നും സേവാഗ് വ്യക്തമാക്കി.