2007-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷം രണ്ട് ദിവസത്തേക്ക് താൻ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന് ഇന്ത്യൻ ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗ്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് ശേഷം രണ്ട് ദിവസത്തേക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യക്ക് ടിക്കറ്റ് ഇല്ലായിരുന്നുവെന്നും താൻ റൂമിൽ അടച്ചിരിക്കുക ആയിരുന്നു എന്നും സെവാഗ് പറഞ്ഞു.
“2007 ലോകകപ്പ് കൂടുതൽ വേദനിപ്പിച്ചു. കാരണം 2007 ലെ ഞങ്ങളുടെ ടീം ലോകത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു. ആ ലോകകപ്പിന് മുന്നെ ഉള്ള ലോകകപ്പിൽ ഞങ്ങൾ ഫൈനൽ കളിച്ചു, 2006 കഴിഞ്ഞുള്ള എഡിഷനിൽ ഞങ്ങൾ ലോകകപ്പ് നേടുകയും ചെയ്തു.” സെവാഗ് ഓർമ്മിപ്പിച്ചു.
“ഞങ്ങളുടെ 3 മത്സരങ്ങളിൽ 2 എണ്ണത്തിൽ തോറ്റത് സങ്കടം നൽകി. ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പോകുമെന്ന് എല്ലാവരും കരുതിയിരുന്നു, ലീഗ് ഘട്ടം അവസാനിച്ചപ്പോൾ 2 ദിവസത്തെ ഇടവേള ഉണ്ടായിരുന്നു. തോറ്റതിനാൽ ഞങ്ങൾക്ക് ടിക്കറ്റ് ഇല്ലായിരുന്നു. ഞങ്ങൾക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2 ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു.” സെവാഗ് പറഞ്ഞു.
“എന്റെ മുറിയിൽ റൂം സർവീസ് ആളുകൾ ഇല്ലായിരുന്നു, ഹൗസ് കീപ്പിംഗിന് ഞാൻ വിളിച്ചില്ല. ഞാൻ എന്റെ മുറിയിൽ നിന്ന് ഇറങ്ങിയില്ല. എനിക്ക് അമേരിക്കയിൽ ഒരു സുഹൃത്ത് ഉണ്ടായിരുന്നു, അവനിൽ നിന്ന് എനിക്ക് ‘പ്രിസൺ ബ്രേക്ക്’ ലഭിച്ചു. ഞാൻ അത് കണ്ടു. 2 ദിവസം മുഴുവൻ അത് കണ്ടു. ആരുടെയും മുഖം കണ്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.