ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍, നൈക്കിന് പകരം എത്തുക പ്യൂമ?

നൈക്കിനെ പിന്തള്ളി പ്യൂമയാവും ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സറും മെര്‍ക്കന്‍ഡൈസ് പാര്‍ട്ണറും ആകുവാനുള്ള മുന്‍ പന്തിയിലെന്ന് സൂചന. നൈക്ക് കരാര്‍ പുതുക്കുന്ന ചര്‍ച്ചയ്ക്ക് താല്പര്യമില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതിനെത്തുടര്‍ന്നാണ് ബിസിസിഐ പകരക്കാരനെ കണ്ടെത്തുവാനായി ടെണ്ടര്‍ വിളിച്ചത്.

2017ല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുമായി 110 കോടിയുടെ എട്ട് വര്‍ഷത്തേ കരാറില്‍ ഏര്‍പ്പെട്ടാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വലിയ കുതിപ്പ് പ്യൂമ നടത്തിയത്. ഒറ്റ ബ്രാന്‍ഡില്‍ നിന്ന് നൂറ് കോടിയെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്ന കായിക താരവുമായി മാറി ഇതോടെ വിരാട് കോഹ്‍ലി.

കൊറോണയ്ക്ക് ശേഷമുള്ള കാലത്തെ അതിജീവിക്കുവാനായി വലിയ തോതില്‍ ഉള്ള ചെലവ് ചുരുക്കലിലൂടെ കടന്ന് പോകുന്നതിനാലാണ് ബിസിസിഐയുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് നൈക്ക് തീരുമാനിച്ചത്. വലിയ തോതിലുള്ള തൊഴിലവസരങ്ങളും അടുത്തിടെ നൈക്ക് വെട്ടി കുറച്ചിരുന്നു.