ടി20 ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്‌ലി

യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20യിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്‌ലി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും ബാറ്റ്സ്മാനായി തുടരുമെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ്‌ താൻ ക്യാപ്റ്റൻ ഒഴിയുമെന്ന വിരാട് കോഹ്‌ലി അറിയിച്ചത്. രോഹിത് ശർമ്മയുമായും പരിശീലകൻ രവി ശാസ്ത്രിയുമായും ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് കോഹ്‌ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. തന്റെ തീരുമാനം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുമായും സെക്രട്ടറി ജയ് ഷായുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും വിരാട് കോഹ്‌ലി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇത്തരമൊരു വാർത്ത പുറത്തുവന്നിരുന്നെങ്കിലും ബി.സി.സി.ഐ അത് നിഷേധിച്ചിരുന്നു.