താരങ്ങൾ മനഃപൂർവം മത്സരം തോറ്റുകൊടുത്തെന്ന വാദം തള്ളി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ശ്രീലങ്കൻ താരങ്ങൾ മനഃപൂർവം മത്സരങ്ങൾ തോറ്റുകൊടുത്തെന്ന വാദങ്ങൾ തള്ളി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ടീം മാനേജ്മെന്റിൽ നിന്ന് ഇതുവരെ അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഇതേ ടീം തന്നെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ കാര്യവും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം അവസാനിച്ച ടി20 പരമ്പരയിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയോട് 3-0ന് തോറ്റിരുന്നു. തുടർന്നാണ് താരങ്ങൾക്കെതിരെ ചില മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നത്. ആദ്യ ടി20യിൽ 28 റൺസിന് ജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ 9 വിക്കറ്റിനു മൂന്നാം മത്സരത്തിൽ 10 വിക്കറ്റിനും ജയിച്ചിരുന്നു.