ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം: വിരാട് കോഹ്‌ലി

Staff Reporter

ഈ വർഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇംഗ്ലണ്ട് ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ത്യയാണ് ടി20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമെന്ന ഇംഗ്ലണ്ട് താരങ്ങളായ ഓയിൻ മോർഗന്റെയും ജോസ് ബട്ലറുടെയും പ്രവചനം വിരാട് കോഹ്‌ലി നിരസിക്കുകയും ചെയ്തു. നിലവിൽ ഐ.സി.സിയുടെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഇംഗ്ലണ്ട്. നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം അഹമ്മദാബാദിൽ വെച്ച് നടക്കാനിരിക്കെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.

നിലവിൽ ഇംഗ്ലണ്ടാണ് ടി20യിലെ ഒന്നാം നമ്പർ ടീം എന്നും എല്ലാവരുടെയും ശ്രദ്ധ ഇംഗ്ലണ്ടിലാവുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തെ എല്ലാരും പേടിയോടെ നോക്കികാണുമെന്നും ഇംഗ്ലണ്ട് ആണ് ടി20 ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമെന്നും അത് ഇംഗ്ലണ്ട് എങ്ങനെ ചിന്തിക്കുന്നു എന്നത്കൊണ്ട് മാറില്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു.