പൊരുതി നേടിയ ശതകവുമായി വിരാട് കോഹ്‍ലി, ഇംഗ്ലണ്ടിനു നേരിയ ലീഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഒരു വശത്ത് ശതകവുമായി പൊരുതിയെങ്കിലും മറു വശത്ത് നിന്ന് പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിവസം 274 റണ്‍സിനു പുറത്തായി ഇന്ത്യ. ഇംഗ്ലണ്ടില്‍ കന്നി ടെസ്റ്റ് ശതകമാണ് ഇന്ന് കോഹ്‍ലി സ്വന്തമാക്കിയത്. ഇതോടെ മത്സരത്തില്‍ 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. വാലറ്റത്തോടൊപ്പം പൊരുതി നേടിയ റണ്ണുകളാണ് കോഹ്‍ലി ഇന്ന് എഡ്ജ്ബാസ്റ്റണില്‍ സ്വന്തമാക്കിയത്. 149 റണ്‍സ് നേടിയ കോഹ‍്‍ലിയെ ആദില്‍ റഷീദാണ് പുറത്താക്കിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 9/1 എന്ന നിലയിലാണ്. അലിസ്റ്റര്‍ കുക്കിനെ പൂജ്യം റണ്‍സിനു അശ്വിന്‍ പുറത്താക്കി. 5 ണ്‍സുമായി കീറ്റണ്‍ ജെന്നിംഗ്സാണ് ക്രീസില്‍. മത്സരത്തില്‍ ഇപ്പോള്‍ 22 റണ്‍സ് ലീഡാണ് ഇംഗ്ലണ്ടിനു കൈവശമുള്ളത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 287 റണ്‍സിനു അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് തികച്ച ശേഷം തുടരെ വിക്കറ്റുകള്‍ നേടി ഇന്ത്യയെ സാം കറന്‍ പ്രതിരോധത്തിലാക്കി. ബെന്‍ സ്റ്റോക്സും വിക്കറ്റുകളുമായി രംഗത്തെത്തിയപ്പോള്‍ ഇന്ത്യ 100/5 എന്ന സ്ഥിതിയിലേക്ക് വീണു. പിന്നീട് ആറാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടുകെട്ട് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ(22)-വിരാട് കോഹ്‍ലി കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സാം കറന്‍ വീണ്ടും അന്തകനായി എത്തി.

22 റണ്‍സ് നേടിയ പാണ്ഡ്യയെ സാം കറന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. രവിചന്ദ്രന്‍ അശ്വിനും(10) ഏറെ വൈകാതെ ജെയിംസ് ആന്‍ഡേഴ്സണ് വിക്കറ്റ് നല്‍കി മടങ്ങി. ഏതാനും ഓവറുകള്‍ക്ക് ശേഷം ഷമിയുടെ വിക്കറ്റും ആന്‍ഡേഴ്സണ്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 182 റണ്‍സ്. ഇഷാന്ത് ശര്‍മ്മയെ ഒപ്പം നിര്‍ത്തി വിരാട് കോഹ്‍ലി ഇന്ത്യയുടെ സ്കോര്‍ 200 കടത്തുകയായിരുന്നു.

വിരാട് കോഹ്‍ലിയുടെ സ്കോര്‍ 97ല്‍ നില്‍ക്കെ മറുവശത്ത് അഞ്ച് റണ്‍സ് നേടിയ ഇഷാന്ത് ശര്‍മ്മയെ ആദില്‍ റഷീദ് പുറത്താക്കി. ശേഷിക്കുന്ന പന്തുകള്‍ ഉമേഷ് യാദവ് അതിജീവിച്ചപ്പോള്‍ അടുത്ത ഓവറില‍് ബെന്‍ സ്റ്റോക്സ് ബൗണ്ടറി പായിച്ച് തന്റെ ശതകം സ്വന്തമാക്കി. 76ാം ഓവറിന്റെ അവസാന പന്തില്‍ കോഹ്‍ലി 149 റണ്‍സ്  നേടി ആദില്‍ റഷീദിനു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിനായി സാം കറന്‍ നാല് വിക്കറ്റ് നേടി. രണ്ട് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണ്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial