ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ക്കേണ്ടതില്ലെന്നും അതിനാല്‍ തന്നെ താന്‍ ജാര്‍ഖണ്ഡിനു വേണ്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നില്ലെന്നും തീരുമാനിച്ച ധോണിയുടെ തീരുമാനം ശരിവെച്ച് ജാര്‍ഖണ്ഡ്. മഴ നിയമത്തില്‍(വിജെഡി രീതി) മഹാരാഷ്ട്രയെ എട്ട് വിക്കറ്റിനു വീഴത്തി ജാര്‍ഖണ്ഡ് വിജയ് ഹസാരെ ട്രോഫിയുടെ സെമിയിലേക്ക് കടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയെ 181 റണ്‍സിനു 42.2 ഓവറില്‍ പുറത്താക്കിയ ശേഷം 32.2 ഓവറില്‍ 127/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. അര്‍ദ്ധ ശതകം നേടിയ ശശീം സഞ്ജയ് രാഥോര്‍(53*), സൗരഭ് തിവാരി(29*) ഇഷാന്‍ കിഷന്‍(28) എന്നിവരാണ് ജാര്‍ഖണ്ഡിനായി ബാറ്റിംഗില്‍ തിളങ്ങിയത്.
നേരത്തെ അങ്കുര്‍ റോയിയുടെ നാല് വിക്കറ്റ് പ്രകടനത്തെ വരുണ്‍ ആരോണ്‍(2), രാഹുല്‍ ശുക്ല(3) എന്നിവര്‍ പിന്തുണച്ചപ്പോള്‍ 181 റണ്‍സിനു മഹാരാഷ്ട്രയെ പുറത്താക്കുവാന്‍ ജാര്‍ഖണ്ഡിനു സാധിക്കുകയായിരുന്നു. 52 റണ്‍സ് നേടിയ രോഹിത് മോട്‍വാനിയും 47 റണ്‍സുമായി രാഹുല്‍ ത്രിപാഠിയുമാണ് മഹാരാഷ്ട്ര നിരയില്‍ തിളങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 76 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ത്രിപാഠി പുറത്തായതോടെ മഹാരാഷ്ട് തകരുന്നു. 148/5 എന്ന നിലയില്‍ നിന്ന് 181 റണ്‍സിനു ടീം ഓള്‍ഔട്ട് ആയി.