ഉമർ അക്മലിന്റെ വിലക്ക് ഒന്നര വർഷമായി കുറച്ചു

- Advertisement -

പാകിസ്ഥാൻ താരം ഉമർ അക്മലിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് ഒന്നര വർഷമായി കുറച്ചു. വാതുവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് താരത്തിന് മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.

വിലക്കിനെതിരെ താരം നൽകിയ അപ്പീലിനെ തുടർന്നാണ് വിലക്ക് കാലാവധി കുറച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച വിലക്കിന്റെ കാലാവധി 2021 ഓഗസ്റ്റ് മാസം അവസാനിക്കും.  കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അച്ചടക്ക സമിതിയാണ് മൂന്ന് വർഷത്തെ വിലക്ക് താരത്തിന് നൽകിയത്.

പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ വാതുവെപ്പുകാർ തന്നെ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാതിരുന്നതാണ് താരത്തിന് വിലക്ക് നൽകാൻ കാരണം. തുടർന്ന് താരം വിലക്കിനെതിരെ അപ്പീൽ നൽകുകയായിരുന്നു. ഉമർ അക്മലിന്റെ അപ്പീൽ പരിഗണിച്ച വിരമിച്ച സുപ്രീം കോടതി ജഡ്ജി ഫഖിർ മുഹമ്മദാണ് വിലക്കിന്റെ കാലാവധി കുറച്ചത്.

2019ലാണ് ഉമർ അക്മൽ പാകിസ്ഥാന് വേണ്ടി അവസാനമായി കളിച്ചത്. പാകിസ്ഥാന് വേണ്ടി 16 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിന മത്സരങ്ങളും 84 ടി20 മത്സരങ്ങളും ഉമർ അക്മൽ കളിച്ചിട്ടുണ്ട്.

Advertisement