യുഎഇയുടെ മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു, അയര്‍ലണ്ടുമായുള്ള രണ്ടാം ഏകദിനം മാറ്റി

Sports Correspondent

യുഎഇയും അയര്‍ലണ്ടും തമ്മില്‍ ഇന്ന് നടക്കാനിരുന്ന രണ്ടാമത്തെ ഏകദിനം മാറ്റി വെച്ചു. ജനുവരി 16ന് ഈ മത്സരം നടക്കുമെന്നാണ് അറിയുന്നത്. യുഎഇ സ്ക്വാഡിലെ ഒരു താരം കൂടി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്. നേരത്തെ യുഎഇയുടെ രണ്ട് താരങ്ങള്‍ക്ക് ആദ്യ ഏകദിനത്തിന് മുമ്പ് കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതെ സമയം തങ്ങളുടെ താരങ്ങള്‍ എല്ലാം നെഗറ്റീവ് ആണെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് വ്യക്തമാക്കി. മൂന്നാമത്തെ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് യുഎഇ ബോര്‍ഡ് തങ്ങളെ അറിയിച്ചുവെന്നും താരങ്ങളുടെ സുരക്ഷിതത്വത്തിനായി രണ്ടാം ഏകദിനം മാറ്റുന്നതാണ് നല്ലതെന്ന് ഇരു ബോര്‍ഡുകളും അംഗീകരിക്കുകയായിരുന്നുവെന്നും അയര്‍ലണ്ട് ഹൈ പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഹോള്‍ഡ്സ്വര്‍ത്ത് പറഞ്ഞു.