മധ്യ നിരയുടെ തകര്‍പ്പന്‍ പ്രകടനം നമീബിയയ്ക്കെതിരെ ജയം സ്വന്തമാക്കാന്‍ കാനഡയെ സഹായിച്ചു. അര്സ്ലന് ഖാന്, അകാശ് ഗില്‍, കെവിന് സിംഗ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. നമീബിയ നല്കിയ 194 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കാനഡ 42 ഓവറില്‍ 197/6 എന്ന നിലയിലാണ് വിജയം നേടിയത്.
ആകാശ് ഗില്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു മാന്‍ ഓഫ് ദി മാച്ച് പട്ടം നേടുകയുണ്ടായി. ബൗളിംഗില്‍ 4 വിക്കറ്റുമായി നമീബിയയുടെ നടുവൊടിച്ച ശേഷം ആകാശ് ബാറ്റിംഗില്‍ 52 റണ്‍സ് നേടിയിരുന്നു. ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് നമീബിയയ്ക്ക് തിരിച്ചടിയായി. സ്കോര്‍ ഷീറ്റ് നോക്കിയാല്‍ ടോപ് ഓര്‍ഡര്‍ മുതല്‍ മധ്യ നിര വരെ എല്ലാ ബാറ്റ്സ്മാന്മാര്ക്കും 20ലധികം റണ്‍സ് നേടാനായെങ്കിലും ഒന്നും വലിയ സ്കോറിലേക്ക് പോയില്ല എന്നത് നമീബിയന്‍ ബാറ്റിംഗിനെ പ്രതിസന്ധിയില്ലാക്കി.
37 റണ്‍സുമായി നായകനും കീപ്പറുമായ ലോഹാന്ഡ്രേ ലൗറെന്‍സ് ടോപ് സ്കോറര്‍ ആയി. ആകാശ് ഗില്ലിനു പുറമേ ഋഷിവ് രാഘവ് ജോഷി, റോമല്‍ ഷെഹ്സാദ്, അരണ് പത്മനാഥന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം കാനഡയ്ക്കായി നേടി.
തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മധ്യനിര അവസരത്തിനൊത്തുയര്‍ന്നതാണ് കാനഡയ്ക്ക് തുണയായത്. അര്സ്ലന് ഖാന് 72 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കെവിന് സിംഗ് 50 റണ്‍സുമായി പുറത്താകാതെ നിന്നു. ആകാശ് ഗില്‍ 52 റണ്‍സ് നേടി പുറത്തായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial