വിന്‍ഡീസിനെതിരെയുള്ള തോല്‍വി നിരാശാജനകം, ലോകകപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് കരുതി കാര്യങ്ങള്‍ എളുപ്പമാക്കുന്നത് ശരിയല്ല

- Advertisement -

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരും 2019 ലോകകപ്പില്‍ വിജയ സാധ്യതയില്‍ ഏവരും മുന്നിലുള്ള ടീമുകളിലും ഒന്നായി പരിഗണിക്കുന്ന ഇംഗ്ലണ്ട് ആ മേനി പറഞ്ഞ് മികവ് പുറത്തെടുക്കാതിരുന്നാല്‍ തിരിച്ചടിയാവും ഫലമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. വിന്‍ഡീസിനെതിരെ പരമ്പരയിലെ അവസാന മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയത് ടീമിന്റെ ആത്മവിശ്വാസത്തെ അധികം ബാധിക്കില്ലെങ്കിലും തോറ്റ രീതി നിരാശാജനകമെന്നാണ് ബെയിലിസ്സ് പറഞ്ഞത്.

ഇംഗ്ലണ്ട് 113 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍‍ഡീസിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റു വാങ്ങിയത്. ഇത്തരത്തിലുള്ള തോല്‍വി ടീമിനു നാണക്കേട് മാത്രമല്ല, ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നതിന്റെ സൂചന കൂടിയാണെന്നാണ് വിന്‍ഡീസ് കോച്ച് പറഞ്ഞത്. ലോകകപ്പില്‍ ഫേവറൈറ്റുകളായാണ് ഇംഗ്ലണ്ട് തുടങ്ങുന്നതെങ്കിലും അതിന്റെ ഗമ പറഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ അത്ര അനുകൂലമായി ഭവിക്കില്ലെന്നും ഇംഗ്ലണ്ടിന്റെ കോച്ച് പറഞ്ഞു.

ഞങ്ങള്‍ ലോകകപ്പ് വിജയിക്കുവാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്ന് മാത്രമാണ്, അതിനാല്‍ തന്നെ ആ പേരും പറഞ്ഞ് മികവ് പുറത്തെടുക്കാതിരുന്നാല്‍ ജയം വരില്ലെന്നാണ് ട്രെവര്‍ ബെയിലിസ്സ് പറഞ്ഞത്. മറ്റു ടീമുകളും സമ്മര്‍ദ്ദം സൃഷ്ടിച്ച് ടൂര്‍ണ്ണമെന്റിലുണ്ടാകുമെന്നുള്ളതിനാല്‍ യഥാര്‍ത്ഥ സമയത്ത് കളിക്കളത്തില്‍ മികവ് പുലര്‍ത്തുകയെന്നതാണ് പ്രധാനമെന്ന് ബെയിലിസ്സ് പറഞ്ഞു.

Advertisement