ജൈത്രയാത്ര തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ടൂട്ടി പാട്രിയറ്റ്സിനെതിരെ 4 വിക്കറ്റ് ജയം

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മികച്ച ഫോം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിനെ കീഴടക്കി ടീം തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ഡിണ്ടിഗല്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇന്നലത്തെ മത്സരത്തില്‍ 4 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സ് രാജഗോപാല്‍ സതീഷിന്റെ 41 പന്ത് 74 റണ്‍സിന്റെ ബലത്തില്‍ 177 റണ്‍സ് നേടിയിരുന്നു. മലോലന്‍ രംഗരാജന്‍(37), ദിനേശ്(24) എന്നിവരും റണ്‍സ് കണ്ടെത്തി. 8 വിക്കറ്റുകളാണ് ബാറ്റിംഗ് ടീമിനു നഷ്ടമായത്. മോഹന്‍ അഭിനവ് രണ്ടും മുഹമ്മദ്, ആദിത്യ അരുണ്‍, അരു‍ണ്‍ മൊഴി, സിലമ്പരസന്‍ എന്നിവര്‍ ഡിണ്ടിഗലിനായി ഓരോ വിക്കറ്റും നേടി.

ആര്‍ വിവേക്(32 പന്തില്‍ 62), എന്‍ ജഗദീഷന്‍(32) എന്നിവര്‍ക്ക് പുറമേ 36 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദിന്റെ പ്രകടനം കൂടിയായപ്പോള്‍ 6 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ഡ്രാഗണ്‍സ് വിജയം നേടി. അതിശയരാജ് ഡേവിഡ്സണ്‍ , സായി കിഷോര്‍ എന്നിവര്‍ രണ്ടും രാജാമണി ജേസുരാജ്, ആകാശ് സുമ്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

36 റണ്‍സും കൃത്യതയോടെ പന്തെറിഞ്ഞ് 12 റണ്‍സിനു ഒരു വിക്കറ്റും നേടിയ മുഹമ്മദ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement