വിജയ വഴിയില്‍ തിരിച്ചെത്തി ഡിണ്ടിഗല്‍, ഒപ്പം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. കഴിഞ്ഞ മത്സരത്തില്‍ പരാജയമേറ്റു വാങ്ങിയെങ്കിലും ഇന്നലെ നടന്ന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ തറപറ്റിച്ച് 9 വിക്കറ്റ് ജയത്തോടെ മധുരൈ പാന്തേഴ്സില്‍ നിന്ന് ഒന്നാം സ്ഥാനം ഡിണ്ടിഗല്‍ തിരിച്ച് പിടിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് 120 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 13.3 ഓവറില്‍ ഡിണ്ടിഗല്‍ വിജയം സ്വന്തമാക്കി. എന്‍ ജഗദീഷനാണ് കളിയിലെ താരം.

ആരിഫ്(36) ടോപ് സ്കോററായ ചെപ്പോക്ക് നിരയില്‍ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഗോപിനാഥ് 25 റണ്‍സ് നേടി. ഡിണ്ടിഗലിനു വേണ്ടി സിലമ്പരസന്‍ മൂന്ന് വിക്കറ്റും ത്രിലോക്, വരുണ്‍ ടോഡാഡിരി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡ്രാഗണ്‍സ് അനായാസ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു. 13.3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ വിജയിച്ച ടീമിനു വേണ്ടി ജഗദീഷന്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. ഹരി നിശാന്ത് 34 റണ്‍സ് നേടി പുറത്തായപ്പോള്‍ വിവേക് 9 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ ജഗദീഷനു കൂട്ടായി ക്രീസില്‍ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement