ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ ജയം ന്യൂസിലാണ്ടിന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡോമും ടോം ബ്രൂസും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് 162 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ മറികടന്നത്. 38/3 എന്ന നിലയില്‍ പതറിയ ന്യൂസിലാണ്ടിനായി 109 റണ്‍സാണ് ഇരുവരും നാലാം വിക്കറ്റില്‍ നേടിയത്. ഗ്രാന്‍ഡോം 59 റണ്‍സും ടോം ബ്രൂസ് 53 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പികളായത്. ഇരുവരെയും പുറത്താക്കി മത്സരത്തിലേക്ക് ശ്രീലങ്ക തിരിച്ചുവരവ് നടത്തിയെങ്കിലും മിച്ചല്‍ സാന്റനര്‍ ഭാഗ്യത്തിന്റെ തുണയോട് കൂടി ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കോളിന്‍ മണ്‍റോ(13), ടിം സീഫെര്‍ട്(15), സ്കോട്ട് കുജ്ജെലൈന്‍(8) എന്നിവരെ തന്റെ തുടരെയുള്ള ഓവറുകളില്‍ പുറത്താക്കി അകില ധനന്‍ജയ ന്യൂസിലാണ്ട് ടോപ് ഓര്‍ഡറിനെ തകര്‍ത്തുവെങ്കിലും പിന്നീട് ക്രീസിലെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം-ടോം ബ്രൂസ് കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ പോയത് ടീമിന് തിരിച്ചടിയായി. അവസാന രണ്ടോവറില്‍ 17 റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്.

ഇസുറു ഉഡാന എറിഞ്ഞ 19ാം ഓവറില്‍ കോളിന്‍ ഡി ഗ്രാന്‍ഡോം പുറത്തായപ്പോള്‍ 10 പന്തില്‍ 15 റണ്‍സായിരുന്നു ന്യൂസിലാണ്ടിന്റെ വിജയലക്ഷ്യം. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി തന്റെ അര്‍ദ്ധ ശതകം നേടിയ ബ്രൂസ് അടുത്ത പന്തില്‍ ഡബിള്‍ നേടി ലക്ഷ്യം എട്ട് പന്തില്‍ നിന്ന് 9 റണ്‍സാക്കി ചുരുക്കി.

മത്സരം അവസാന ഓവറിലേക്ക് കടന്നപ്പോള്‍ ഏഴ് റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. എന്നാല്‍ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ടോം ബ്രൂസ് റണ്ണൗട്ടായതോടെ രണ്ട് സെറ്റ് ബാറ്റ്സ്മാന്മാരെയും ന്യൂസിലാണ്ടിന് നഷ്ടമായി. 46 പന്തില്‍ നിന്ന് 53 റണ്‍സായിരുന്നു ബ്രൂസ് നേടിയത്. അടുത്ത പന്തില്‍ വനിഡു ഹസരംഗ ഡാരില്‍ മിച്ചലിനെ പുറത്താക്കിയതോടെ മത്സരം കൂടുതല്‍ ആവേശകരമായി. അടുത്ത പന്തില്‍ മിച്ചല്‍ സാന്റനറുടെ ഷോട്ട് ബൗണ്ടറിയില്‍ ക്യാച്ചായി മാറിയെങ്കിലും ഫീല്‍ഡര്‍മാര്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഫീല്‍ഡര്‍ ബൗണ്ടറി റോപ്പില്‍ തട്ടിയതോടെ പന്ത് സിക്സറായി മാറുകയായിരുന്നു. ഇതോടെ മൂന്ന് പന്തില്‍ നിന്ന് ന്യൂസിലാണ്ടിന്റെ ലക്ഷ്യം ഒരു റണ്‍സായി മാറി. അടുത്ത പന്തില്‍ ബൗണ്ടറി നേടി സാന്റനര്‍ ന്യൂസിലാണ്ടിന് പരമ്പര വിജയം നേടിക്കൊടുത്തു. 2 പന്തില്‍ നിന്ന് 10 റണ്‍സാണ് സാന്റനറുടെ സംഭാവന.